ട്വന്റി-20 ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിലും ഇന്ത്യയ്ക്ക് ജയം. 13 പന്ത് ശേഷിക്കെ എട്ട് വിക്കറ്റിനാണ് ഇന്ത്യ ഓസ്ട്രേലിയയെ തകര്‍ത്തത്. രോഹിത് ശര്‍മ അര്‍ധസെഞ്ച്വറി നേടി. ഞായറാഴ്ച ഇന്ത്യ പാകിസ്ഥാനെ നേരിടും.
153 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് കെഎല്‍ രാഹുലും രോഹിത് ശര്‍മയും മികച്ച തുടക്കമാണ് സമ്മാനിച്ചത്. മികച്ച പ്രകടനത്തോടെയാണ് രോഹിത് ശര്‍മ കരുത്തുറ്റ ഓസ്ട്രേലിയന്‍ ബൗളര്‍മാരെ നേരിട്ടത്. രോഹിത് ശര്‍മയ്ക്കൊപ്പം മികച്ച പ്രകടനം കാഴ്ചവച്ച കെ എല്‍ രാഹുല്‍ 39 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവിന്റെയും ഹാര്‍ദിക് പാണ്ഡ്യയുടെയും പ്രകടനവും ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു. സൂര്യകുമാര്‍ യാദവ് 38 റണ്‍സ് നേടി.
അവസാന സന്നാഹ മത്സരം പൂര്‍ത്തിയാകുമ്പോള്‍ ആശങ്കയുള്ളത് പേസ് ബൗളര്‍മാരുടെ മികവില്‍ മാത്രമാണ്. മുഹമ്മദ് ഷമിയും മികച്ച ഫോമിലാണ്. നിശ്ചിത ഓവറില്‍ ഓസ്ട്രേലിയ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് എടുത്തത്.