ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ വിരാട് കോഹ്ലിയുടെ അപരന്മാരെ ഗ്യാലറിയില്‍ നിന്ന് ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുന്നത് നമ്മള് കണ്ടിട്ടുണ്ടാകും. എന്നാല്‍ കോഹ്ലിക്ക് എത്ര അപരന്മാരുണ്ടാകും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇവരെല്ലാം ഒരു ഫ്രെയിമില്‍ വരുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?. അങ്ങനൊരു ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്
തന്റെ അപരന്മാരെയെല്ലാം ചേര്‍ത്ത് ഒരു ഫോട്ടോഷൂട്ട് സെഷന് തന്നെ പോസ് ചെയ്തു കിങ് കോഹ്ലി. താനുമായി രൂപസാദൃശ്യമുള്ള ഒമ്പത് അപന്മാരെയാണ് കോഹ്ലി പരിചയപ്പെടുത്തിയത്. തന്റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെയായിരുന്നു കോഹ്ലി ചിത്രം പങ്കുവെച്ചത്. കൂട്ടത്തില്പ്പെടാത്തയാളെ കണ്ടെത്തൂ എന്ന അടിക്കുറിപ്പോടെയാണ് കോഹ്ലി ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഒരു മേശക്ക് ചുറ്റും ഒരേ വേഷത്തിലാണ് കോഹ്ലിയും ഒന്‍പത് പേരും ഇരിക്കുന്നത്. എല്ലാവരുടെയും യൂണിഫോം കോസ്റ്റ്യൂം തന്നെയാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. കോഹ്ലിയുടെ ട്രെന്‍ഡ് സെറ്ററായ താടി അപരന്മാരും അതേപോലെ നിലനിര്‍ത്തുന്നുണ്ട്.
ചിത്രം മണിക്കൂറുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ട്വിറ്ററില്‍ പോസ്റ്റ് 1.70 ലക്ഷം ലൈക്കുകള്‍ നേടുകയും പതിനായിരത്തോളം ആളുകള്‍ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തു.