ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ക്രിക്കറ്റ് ആരാധകരെ ടെലിവിഷന്‍ മുന്നിലെത്തിക്കുന്ന മത്സരമാണ് ഇന്ത്യ- പാക്ക് പോരാട്ടങ്ങള്‍. പാകിസ്താനുമായുള്ള പരമ്പരകള്‍ നിര്‍ത്തിവെച്ച ശേഷം ഐസിസി വേദികളില്‍ മാത്രമാണ് ഇന്ത്യ- പാക് പോരാട്ടങ്ങള്‍ സംഭവിക്കാറുള്ളത്. ഇപ്പോള്‍ വീണ്ടും ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു ഇന്ത്യ- പാകിസ്താന് മത്സരത്തിന് കളമൊരുങ്ങുകയാണ്.
ഓസ്ട്രേലിയ വേദിയൊരുക്കുന്ന 2022 ഐസിസി ട്വന്റി-20 ലോകകപ്പിലാണ് ഇന്ത്യ- പാകിസ്താനെ നേരിടുന്നത്. ലോകകപ്പില്‍ ഇരു ടീമുകളും ഗ്രൂപ്പ് 2 വില്‍ വന്നതോടെയാണ് ഇന്ത്യ- പാക് പോരാട്ടം ഉറപ്പായത്. ഒക്ടോബര്‍ 23 ന് മെല്‍ബണിലാണ് ഇന്ത്യ- പാക് മത്സരം നടക്കുക. 12 ടീമുകളാണ് (സൂപ്പര്‍ 12) 2022 ട്വന്റി-20 ലോകകപ്പ് കളിക്കുക. ഇതില്‍ 8 ടീമുകളെ റാങ്കിങിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ബാക്കി 4 ടീമുകള്‍ ക്വാളിഫയര്‍ മത്സരം വിജയിച്ച് ലോകകപ്പ് കളിക്കും.
ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്, ക്വാളിഫയര്‍ വിജയികള്‍ (2) എന്നിവരാണ് ഗ്രൂപ്പ് ഒന്നില്‍. ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യയേയും പാകിസ്താനെയും കൂടാതെ ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും രണ്ട് ക്വാളിഫയര്‍ വിജയികളും ഉള്‍പ്പെടും. ഒക്ടോബര്‍ 16 ന് ശ്രീലങ്ക-നമീബിയ മത്സരത്തോടെ ക്വാളിഫയര്‍ മത്സരങ്ങള്‍ ആരംഭിക്കും. നവംബര്‍ 13 ന് മെല്‍ബണിലാണ് കലാശക്കളി.