ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്ഥാന് റോയല്‍സിന് തകര്‍പ്പന്‍ ജയം. 7 വിക്കറ്റിനാണ് രാജസ്ഥാന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പരാജയപ്പെടുത്തിയത്. 126 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് 3 വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 15 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയ റണ്‍ കുറിക്കുകയായിരുന്നു. 48 പന്തുകളില്‍ 70 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ജോസ് ബട്ലറാണ് രാജസ്ഥാന്റെ വിജയശില്പി. സ്റ്റീവ് സ്മിത്ത് (26), ബെന്‍ സ്റ്റോക്സ് (19) എന്നിവരും രാജസ്ഥാന് സ്കോറില്‍ സംഭാവന നല്കി. ചെന്നൈക്കായി ദീപക് ചഹാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരിട്ട ആദ്യ പന്തു മുതല്‍ ആക്രമിച്ചു കളിച്ച സ്റ്റോക്സ് വളരെ വേഗത്തില്‍ രാജസ്ഥാന്റെ സ്കോര്‍ ഉയര്‍ത്തി. എന്നാല്‍ ഈ ഇന്നിംഗ്സിന് അധികം ആയുസുണ്ടായില്ല. 19 റണ്‍സെടുത്ത സ്റ്റോക്സ് ദീപക് ചഹാറിന്റെ പന്തില്‍ പ്ലെയ്ഡ് ഓണ്‍ ആയി. സ്റ്റോക്സിന്റെ അഭാവത്തില്‍ ആക്രമണം നടത്താനൊരുങ്ങിയ ഉത്തപ്പ (4) ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ ധോണി പിടിച്ച് പുറത്തായി. മൂന്നാം നമ്പറിലെത്തിയ സഞ്ജു വന്നതും പോയതും പെട്ടെന്നായിരുന്നു. നേരിട്ട മൂന്നാം പന്തില്‍ തന്നെ സഞ്ജു (0) ധോണിയുടെ കൈകളില്‍ അവസാനിച്ചു. ചഹാറിനായിരുന്നു വിക്കറ്റ്.
നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ബട്ലറും സ്മിത്തുമാണ് രാജസ്ഥാനെ വിജയിപ്പിച്ചത്. ധൃതി കാണിക്കാതെ സ്കോറിംഗ് ആരംഭിച്ച ഇരുവരും വിജയലക്ഷ്യം കൃത്യമായി മനസ്സിലാക്കിയാണ് ബാറ്റ് വീശിയത്. ഇന്നിംഗ്സിന്റെ പാതിയില്‍ ഗിയര്‍ മാറ്റിയ ബട്ലര് തുടര്‍ച്ചയായി മികച്ച ഷോട്ടുകള്‍ കളിച്ച് ഫിഫ്റ്റി തികച്ചു. 37 പന്തുകളില്‍ അര്‍ദ്ധസെഞ്ചുറി നേടിയ താരം വീണ്ടും ആക്രമണം തുടര്‍ന്നു. മറുവശത്ത് സ്മിത്തും ബൗണ്ടറികള്‍ കണ്ടെത്തിയതോടെ രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമായി. 17ആം ഓവറിലെ മൂന്നാം പന്തില്‍ രാജസ്ഥാന് വിജയം കുറിച്ചു. നാലാം വിക്കറ്റില്‍ അപരാജിതമായ 97 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്മിത്തും ബട്ലറും ചേര്‍ന്ന് കെട്ടിപ്പടുത്തത്. ബട്ലര് (70), സ്മിത്ത് (26) എന്നിവര്‍ പുറത്താവാതെ നിന്നു.