ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഹരിയാന പൊലീസിന്റേതാണ് നടപടി. സഹ താരത്തിനെതിരെ ജാതീയമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണത്തിലാണ് അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഹൈക്കോടതി നിര്‍ദ്ദേശം അനുസരിച്ച് വിട്ടയച്ചതായി ഹരിയാന പൊലീസ് അറിയിച്ചു.
ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലിനെതിരെ ജാതീയ അതിക്ഷേപം നടത്തിയ കേസിലായിരുന്നു അറസ്റ്റ്. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു താരത്തിന്റെ പരാമര്‍ശം. എന്നാല്‍ പരാമര്‍ശങ്ങള്‍ മനപൂര്‍വമല്ലെന്ന് പറഞ്ഞ് യുവരാജ് സിംഗ് മാപ്പ് അപേക്ഷിച്ച് രംഗത്തെത്തിയിരുന്നു.
ഹരിയാന സ്വദേശിയായ ദളിത് ആക്ടിവിസ്റ്റ് രജത് കല്‍സന്റെ പരാതിയിലാണ് യുവരാജ് സിംഗിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്.സി/ എസ്.ടി വിഭാഗത്തിനെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
യുവരാജ് സിംഗിന് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ താന്‍ നിയമപരമായി പോരാടുമെന്ന് രജത് വ്യക്തമാക്കി.