വരുന്ന ട്വന്റി-20 ലോകകപ്പില്‍ കളിക്കുമെന്ന് അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ടീം മീഡിയ മാനേജര്‍ ഹിക്മത് ഹസന്. ലോകകപ്പിലേക്കുള്ള ഒരുക്കങ്ങള്‍ നടക്കുകയാണെന്നും ത്രിരാഷ്ട്ര പരമ്പരക്കായി വിവിധ രാജ്യങ്ങളില്‍ വേദികള്‍ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാന് ഏറ്റെടുത്തതോടെ രാജ്യത്തെ ക്രിക്കറ്റ് ടീമിന്റെ ഭാവിയെപ്പറ്റി അനിശ്ചിതത്വങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മീഡിയ മാനേജരുടെ പ്രതികരണം.
‘ഞങ്ങള്‍ ട്വന്റി-20 ലോകകപ്പില്‍ കളിക്കും. തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. ലഭ്യമായിട്ടുള്ള താരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പരിശീലനത്തിലേക്ക് തിരികെ എത്തും. വെസ്റ്റ് ഇന്‍ഡീസും ഓസ്ട്രേലിയയും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരക്കുള്ള വേദിക്കായി ഞങ്ങള്‍ ശ്രമിക്കുകയാണ്. ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ഞങ്ങള്‍ സംസാരിക്കുന്നുണ്ട്. അത് എങ്ങനെയാകുമെന്ന് നോക്കാം.”- ഹിക്മത് ഹസന് പറഞ്ഞു.
”താരങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും എല്ലായ്പ്പോഴും ഞങ്ങള്‍ സഹായിക്കാറുണ്ട്. സാധ്യമാവുന്നതെല്ലാം ഞങ്ങള്‍ അവര്‍ക്കായി ചെയ്യും. രാജ്യത്തെ സംഭവ വികാസങ്ങള്‍ കാബൂളിനെ സാരമായി ബാധിച്ചിട്ടില്ല. ഞങ്ങള്‍ ഓഫീസില്‍ തിരികെ എത്തിയിട്ടുണ്ട്. അതുകൊണ്ട് പേടിക്കാനില്ല.”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.