ഐ.എസ്.എല്ലില്‍ ഹൈദരാബാദിനോടേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ മുഖ്യ പരിശീലകന് കിബു വികൂനയെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കി. ഇന്നലെ നടന്ന മത്സരത്തില്‍ ഹൈദരാബാദിനോട് എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. ഇതോടെ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി.
ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണില്‍ പുറത്തെടുത്തത്. രണ്ടു മത്സരങ്ങള്‍ കൂടി ശേഷിക്കവേ പോയിന്റ് ടേബിളില്‍ പത്താം സ്ഥാനത്താണ് ടീമിപ്പോള്‍. ഇതുവരെ കളിച്ച പതിനെട്ടു കളികളില്‍ നിന്നും കേവലം പതിനാറു പോയിന്റാണ് ടീമിന്റെ സമ്പാദ്യം. ആകെ ജയിച്ചത് മൂന്ന് മത്സരങ്ങളിലും.
ഒത്തൊരുമയില്ലാത്ത പ്രതിരോധമാണ് ടീമിന്റെ മോശം പ്രകടനത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. 33 ഗോളുകളാണ് ഈ സീസണില്‍ ടീം വഴങ്ങിയത്. ഈ സീസണിലെ ഏറ്റവും കൂടുതല്‍ ഗോള്‍ വഴങ്ങിയതും ബ്ലാസ്റ്റേഴ്സ് തന്നെ. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ബാക്കിയുള്ള എല്ലാ മത്സരങ്ങളും വിജയിക്കണമെന്ന നിലയിലാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ കളത്തിലിറങ്ങിയത്. ഹൈദരാബാദിനോടേറ്റ കനത്ത തോല്‍വിയോടെ പ്ലേ ഓഫില്‍ പ്രതീക്ഷകള്‍ അവസാനിക്കുകയായിരുന്നു.