അട്ടിമറി ജയത്തിലൂടെ ട്വന്റി20 ലോകകപ്പിന് ആവേശകരമായ തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഏഷ്യന്‍ ചാംപ്യന്മാരായ ശ്രീലങ്കയെ ദുര്‍ബലരായ നമീബിയ തകര്‍ത്തു. 55 റണ്‍സിന്റെ വമ്പന്‍ വിജയമാണ് നമീബിയന്‍ സംഘം സ്വന്തമാക്കിയത്.
നമീബിയ ഉയര്‍ത്തിയ 164 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയുടെ പോരാട്ടം 19-ാം ഓവറില്‍ തന്നെ അവസാനിച്ചു. വെറും 108 റണ്‍സുമായാണ് ലങ്കന്‍ സംഘം കൂടാരം കയറിയത്. ജോനാഥന് ഫ്രൈലിങ്കിന്റെയും ജൊനാഥന് സ്മിറ്റിന്റെയും ഓള്‍റൗണ്ട് പ്രകടനമാണ് നമീബിയയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്. അവസാന ഓവറുകളില്‍ ജൊനാഥന് സ്മിത്തിനൊപ്പം തകര്‍ത്തടിച്ചാണ് ഫ്രൈലിങ്ക് നമീബിയയെ മികച്ച സ്കോറിലെത്തിച്ചത്. ബൗളിങ്ങില്‍ രണ്ടു വിക്കറ്റെടുത്തും താരം തിളങ്ങി. സ്മിത്തിന് ഒരു വിക്കറ്റും ലഭിച്ചു.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ നമീബിയയ്ക്ക് തുടക്കത്തില്‍ തന്നെ ഓപണര്‍മാരെ നഷ്ടപ്പെട്ടു. ദുഷ്മന്ത ചമീരയും പ്രമോദ് മധുഷനുമാണ് നമീബിയയെ ഞെട്ടിച്ചത്. എന്നാല്‍, പിന്നീടെത്തിയവരെല്ലാം വെടിക്കെട്ടുകളുമായി സ്കോര്‍ ബോര്‍ഡിലേക്ക് സംഭാവനകളര്‍പ്പിച്ചാണ് മടങ്ങിയത്. ലോഫ്റ്റി ഈറ്റണ്‍(20), സ്റ്റെഫാന്‍ ബാര്‍ഡ്(26), നായകന് ജെറാഡ് ഇറാസ്മസ്(20) എന്നിവരെല്ലാം ടീം സ്കോറില്‍ നിര്‍ണായക പങ്കുവഹിച്ചു.
പിന്നീടാണ് യാന്‍ ഫ്രൈലിങ്കും സ്മിത്തും ചേര്‍ന്ന് വെടിക്കെട്ടുമായി കളംനിറഞ്ഞു കളിച്ചത്. അവസാന ഓവറുകളില്‍ ആരെയും വെറുതെ വിടാതെയാണ് ഇരുവരും പ്രഹരിച്ചു. വിക്കറ്റിനു പിന്നിലുള്ള അതിവേഗ ഓട്ടവും ഞെട്ടിപ്പിക്കുന്നതായിരുന്നു. അവസാന പന്തില്‍ അധിക റണ്‍സിന് ഓടി ഒടുവില്‍ 28 പന്തില്‍ 44 റണ്‍സുമായി ഫ്രൈലിങ്ക് പുറത്തായി. നാല് ബൗണ്ടറിയാണ് ഇന്നിങ്സില്‍ താരം അടിച്ചത്. ജൊനാഥന് സ്മിത്ത് 16 പന്തില്‍ രണ്ടുവീതം ഫോറും സിക്സും സഹിതം 31 റണ്‍സുമായി പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങില്‍ 23 പന്തില്‍ 29 റണ്‍സെടുത്ത് പുറത്തായ നായകന് ദാഷുന്‍ ഷാനകയാണ് ശ്രീലങ്കന്‍ സംഘത്തില്‍ ടോപ് സ്കോററായത്. ധനഞ്ജയ ഡിസില്‍വ(11 പന്തില്‍ 12), ബാനുക രജപക്സ(21 പന്തില്‍ 20), മഹീഷ് തീക്ഷണ(11 പന്തില്‍ 11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍.
മറുവശത്ത്, നമീബിയന്‍ സംഘത്തില്‍ പന്തെറിഞ്ഞവരെല്ലാം വെളിച്ചപ്പാടാകുകയും ചെയ്തു. നാല് ഓവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത ഡേവിഡ് വീസും 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത ബെര്‍നാഡ് സ്കോള്‍സുമാണ് കൂട്ടത്തില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. ബിന്‍ ഷികോങ്കോയും മൂന്ന് ഓവറില്‍ 22 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്തു. ഫ്രൈലിങ്ക് നാല് ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് കൊയ്തത്. സ്മിത്ത് മൂന്നോവറില്‍ 16 റണ്‍സ് മാത്രം നല്കി ഒരു വിക്കറ്റും സ്വന്തമാക്കി.