ഇന്ത്യ- വെസ്റ്റിന്‍ഡീസ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് കൊല്‍ക്കത്തയില്‍ നടക്കും. പരിക്ക് കാരണം കെഎല്‍ രാഹുല്‍ ഉള്‍പ്പെടെ നിരവധി മുന്‍ നിര താരങ്ങളില്ലാതെയാണ് ഇന്ത്യ പരമ്പരക്കിറങ്ങുന്നത്. പുതിയ നായകന് രോഹിത് ശര്‍മ്മക്ക് കീഴില്‍ പുതുയുഗത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ട്വന്റി20 ടീം പുതുനിരയുമായാണ് വീന്‍ഡീസിനെതിരെ പരമ്പരയ്ക്കിറങ്ങുന്നത്. പരിക്ക് മൂലം നേരത്ത ടീമില്‍ നിന്നും പുറത്തായ കെ.എല്‍ രാഹുലിന് പകരം റിഷഭ് പന്തിനെ ടീമിന്റെ വൈസ് ക്യാപ്റ്റനായി നിശ്ചയിച്ചു.
പരിക്കേറ്റ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെയും ടീമില്‍ നിന്ന് ഒഴിവാക്കി. പകരം സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ടീമിലുള്‍പ്പെടുത്തി. റിതുരാജ് ഗെയ്ക്ക് വാദ്, ദീപക് ഹൂഡ തുടങ്ങിയവരെയും പുതുതായി ടീമിലുള്‍പ്പെടുത്തിയിരുന്നു.
ക്യാപ്റ്റന്‍ രോഹിതിന് പുറമെ ശ്രേയസ് അയ്യര്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ് തുടങ്ങിയവരടങ്ങുന്ന ബാറ്റിങ് നിര തന്നെയാണ് ഇന്ത്യയുടെ കരുത്ത്. മറുവശത്ത് സീനിയര്‍ താരം കീറണ്‍ പൊള്ളാര്‍ഡിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന വിന്‍ഡീസ് നിരയില്‍ ഒരു പിടി കൂറ്റനടിക്കാരുണ്ട്. ഏകദിന പരമ്പരയില്‍ ഒറ്റ മത്സരം പോലും ജയിക്കാതെ പൂര്‍ണ അടിയറവ് പറഞ്ഞ വിന്‍ഡീസ് ട്വന്റി20 പരമ്പരയിലൂടെ തിരിച്ചു വരവാണ് ലക്ഷ്യമിടുന്നത്.
ഇന്ന് വൈകീട്ട് ഏഴിന് ഈഡന് ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ മത്സരം തുടങ്ങും. ഈ മാസം 18, 20 തിയതികളിലാണ് പരമ്പരിയിലെ രണ്ടും മൂന്നും മത്സരങ്ങള്‍.