വരുന്ന ബിഗ് ബാഷ് സീസണില്‍ നിന്ന് പിന്മാറുന്നത് ആലോചനയിലെന്ന് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദന. ഇന്ത്യക്കായി കളിക്കുമ്പോള്‍ 100 ശതമാനം മാച്ച് ഫിറ്റായിരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അതുകൊണ്ട് തന്നെ ഇക്കൊല്ലം ബിഗ് ബാഷ് ലീഗില്‍ നിന്ന് പിന്മാറണോ എന്നുള്ള ചിന്തയുണ്ടെന്നും മന്ദന പറഞ്ഞു.
”മാനസികാരോഗ്യത്തെക്കാള്‍, ശാരീരികാരോഗ്യമാണ് ഞാന്‍ ചിന്തിക്കുന്നത്. ബിഗ് ബാഷില്‍ നിന്ന് പിന്മാറുന്നത് ആലോചിക്കുന്നുണ്ട്. കാരണം, പരുക്കുകള്‍ കാരണം ഇന്ത്യക്കായി കളിക്കാനുള്ള അവസരം നഷ്ടപ്പെടുത്താനാവില്ല. എപ്പോള്‍ രാജ്യാന്തര ക്രിക്കറ്റ് കളിച്ചാലും എനിക്ക് 100 ശതമാനം നല്‍കണമെന്നാണ്. അതുകൊണ്ട് തന്നെ ബിഗ് ബാഷില്‍ കളിക്കുന്നതിനെപ്പറ്റിയും പിന്മാറുന്നതിനെപ്പറ്റിയും ആലോചിക്കും.
ഏകദിന ലോകകപ്പിനു ശേഷം ഞാന്‍ ഒരുപാട് മത്സരങ്ങള്‍ കളിച്ചു. ശ്രീലങ്ക പര്യടനം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഹണ്ട്രഡ് ടൂര്‍ണമെന്റ്. കൊവിഡ് കാലത്ത് ക്രിക്കറ്റ് കളിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ ഒരുപാട് മത്സരങ്ങളുണ്ടെന്ന് പരാതിപ്പെടാനാവില്ല.”- സ്മൃതി മന്ദന പറഞ്ഞു.