ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗതയേറിയ അര്‍ദ്ധ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമായി ഋഷഭ് പന്ത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ റെക്കോര്‍ഡാണ് മറികടന്നത്. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ 28 പന്തില്‍ നിന്നാണ് ഋഷഭ് അര്‍ദ്ധ സെഞ്ച്വറി നേടിയത്. 30 പന്തില്‍ നിന്നാണ് കപില്‍ തന്റെ അര്‍ധസെഞ്ചുറി തികച്ചത്.
ബംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ഈ നേട്ടം കൈവരിച്ചത്. ജസ്പ്രീത് ബുംറയുടെ അഞ്ച് വിക്കറ്റ് നേട്ടവും ആതിഥേയരെ ശക്തമായ നിലയില്‍ എത്തിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 300 വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും അദ്ദേഹം ഇടം പിടിച്ചു. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയുടെ 12-ാമത്തെ ബൗളര്‍ കൂടിയാണ് ബുംറ.
ബാംഗ്ലൂരില്‍ നടന്ന ഡേ-നൈറ്റ് ടെസ്റ്റിന് മുമ്പ് ബുംറ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 295 വിക്കറ്റുകള്‍ നേടിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 120 വിക്കറ്റുകളും. ഏകദിനത്തില്‍ 113 ഉം, ടി20യില്‍ 67 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.