ഇന്ത്യക്കെതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ ഇംഗ്ലണ്ടിന് അനായാസ ജയം. 8 വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 125 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 15.3 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 49 റണ്‍സ് നേടിയ ജേസന്‍ റോയ് ആണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്കോറര്‍.
ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ അനായാസം ബാറ്റ് ചെയ്തപ്പോള്‍ സ്കോര്‍ബോര്‍ഡ് വേഗത്തില്‍ ചലിച്ചു. ആദ്യ വിക്കറ്റില്‍ ജോസ് ബട്ലര്- ജേസന്‍ റോയ് സഖ്യം 72 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. ബട്ലറെ (28) വിക്കറ്റിനു മുന്നില്‍ കുരുക്കിയ യുസ്വേന്ദ്ര ചഹാല്‍ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഏറെ വൈകാതെ ജേസന്‍ റോയിയെ (49) വാഷിംഗ്ടണ്‍ സുന്ദര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി.
എന്നാല്‍, നാലാം നമ്പറില്‍ കൂറ്റന്‍ ഷോട്ടുകളുമായി കളം നിറഞ്ഞ ജോണി ബെയര്‍സ്റ്റോ ഇംഗ്ലണ്ടിനെ വിജയിപ്പിക്കുകയായിരുന്നു. മലാന് ബെയര്‍സ്റ്റോയ്ക്ക് മികച്ച പങ്കാളിയായി. വാഷിംഗ്ടണിനെ സിക്സറടിച്ച് മലാനാണ് വിജയ റണ്‍ കുറിച്ചത്. ബെയര്‍സ്റ്റോ (26), ഡേവിഡ് മലാന് (24) എന്നിവര്‍ പുറത്താവാതെ നിന്നു.