ട്വന്റി20 ലോകകപ്പില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയ ഓസ്ട്രേലിയ ഫൈനലില്‍. 177 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ന്യൂസിലന്‍ഡാണ് ഓസ്ട്രേലിയയുടെ എതിരാളികള്‍.
സമ്മര്‍ദ്ദം നിറഞ്ഞ ചേസിംഗില്‍ നായകന് ആരോണ്‍ ഫിഞ്ച് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായത് ഓസീസിനെ ഞെട്ടിച്ചു. ഷഹീന് അഫ്രീദിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയ ഫിഞ്ച് മടങ്ങി. മൂന്നാമനായി ക്രീസിലെത്തിയ മിച്ചല്‍ മാര്‍ഷും ഡേവിഡ് വാര്‍ണറും ഓസീസ് ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി. റണ്‍ റേറ്റ് കൃത്യമായി പാലിച്ച് ബാറ്റ് വീശിയ ഇരുവരും പവര്‍ പ്ലേയില്‍ ടീം സ്കോര്‍ 50 കടത്തിയിരുന്നു. വാര്‍ണര്‍ 49 റണ്‍സും മിച്ചല്‍ മാര്‍ഷ് 28 റണ്‍സും നേടിയാണ് പുറത്തായത്.
സ്റ്റീവ് സ്മിത്തും(5) ഗ്ലെന്‍ മാക്സ് വെല്ലും(7) നിരാശപ്പെടുത്തിയപ്പോള്‍ ഓസീസ് അപകടം മണത്തിരുന്നു. എന്നാല്‍ അവസാനം വരെ പോരാടിയ മാര്‍ക്കസ് സ്റ്റോയിനിസ് 30 പന്തില്‍ 40 റണ്‍സ് നേടി പുറത്താകാതെ നിന്നു. മറുഭാഗത്ത് മാത്യു വെയ്ഡ് 17 പന്തില്‍ 41 റണ്‍സുമായി സ്റ്റോയിനിസിന് ഉറച്ച പിന്തുണ നല്‍കിയതോടെ പാകിസ്ഥാന്റെ വിജയക്കുതിപ്പിനും കിരീട മോഹങ്ങള്‍ക്കും അവസാനമായി.
ട്വന്റി-20 ലോകകപ്പ് സെമിഫൈനല്‍ ജയത്തോടെ ഓസ്ട്രേലിയ തകര്‍ത്തത് 16 മത്സരങ്ങള്‍ നീണ്ട പാകിസ്താന്റെ വിജയക്കുതിപ്പ്. 2016 മുതല്‍ ആരംഭിച്ച പാകിസ്താന്റെ യുഎഇയിലെ പടയോട്ടമാണ് ഓസീസ് നിഷ്പ്രഭമാക്കിയത്. 2015 നവംബര്‍ 30നാണ് പാക് പട അവസാനമായി യുഎഇയില്‍ പരാജയപ്പെടുന്നത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് മുഹമ്മദ് റിസ്വാന്റെയും ഫഖര്‍ സമന്റെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. 52 പന്തില്‍ 67 റണ്‍സെടുത്ത റിസ്വാനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. ഫഖര്‍ സമന് 32 പന്തില്‍ 55 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ ബാബര്‍ അസം 39 റണ്‍സെടുത്തു. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ആദം സാംപ ഒരു വിക്കറ്റുമെടുത്തു.