ഇംഗ്ലണ്ടിനെ കീഴടക്കിയ ഇറ്റലിക്ക് യൂറോ കപ്പ് കിരീടം. ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ ഷൂട്ടൗട്ടിലാണ് ഇറ്റലി വിജയം കണ്ടത്. തകര്‍പ്പന്‍ സേവുകളുമായി കളം നിറഞ്ഞ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയി ഡോണറുമ്മയാണ് ഇറ്റലിയ്ക്ക് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വിജയം സമ്മാനിച്ചത്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-2 എന്ന സ്കോറിനാണ് ഇറ്റലിയുടെ വിജയം.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ച ശേഷമാണ് മത്സരം എക്സ്ട്രാ ടൈമിലേക്കും പിന്നീട് പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കും നീണ്ടത്. പെനാല്‍ട്ടിയില്‍ ഇറ്റലിയ്ക്കായി ബെറാര്‍ഡി, ബൊനൂച്ചി, ബെര്‍ണാഡെസ്കി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹാരി മഗ്വയറും ഹാരി കെയ്നും മാത്രമാണ് ഇംഗ്ലണ്ടിനായി പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചത്. മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ, ബുക്കായോ സാക്ക എന്നിവരുടെ കിക്കുകള്‍ പാഴായി. നിശ്ചിത സമയത്ത് ഇംഗ്ലണ്ടിനായി ലൂക്ക് ഷോയും ഇറ്റലിയ്ക്കായി ലിയോണാര്‍ഡോ ബൊനൂച്ചിയും സ്കോര്‍ ചെയ്തു.
1968 ന് ശേഷം ഇതാദ്യമായാണ് ഇറ്റലി യൂറോ കപ്പ് നേടുന്നത്. റോബര്‍ട്ടോ മാന്‍ചീനിയുടെ തന്ത്രങ്ങളുടെ മികവിലാണ് ഇറ്റലി യൂറോയില്‍ മുത്തമിട്ടത്. കഴിഞ്ഞ 34 മത്സരങ്ങളിലായി പരാജയമറിയാതെ കുതിപ്പ് തുടരുന്ന ഇറ്റലി ഒരു മത്സരം പോലും തോല്‍ക്കാതെയാണ് യൂറോ കപ്പ് സ്വന്തമാക്കിയത്. യൂറോ കപ്പിലെ താരമായി ഇറ്റലിയുടെ ഡോണറുമ്മയെ തെരെഞ്ഞെടുത്തു.