അഫ്ഗാനിസ്താനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് ഓസ്ട്രേലിയ പിന്മാറി. വിദ്യാഭ്യാസ ലംഘനം അടക്കമുള്ള താലിബാന്റെ സ്ത്രീ വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചാണ് പ്രഖ്യാപനം. ഇന്ത്യ- ഓസ്ട്രേലിയ പരമ്പരയ്ക്ക് ശേഷം മാര്‍ച്ചില്‍ യുഎഇയില്‍ നടത്താനിരുന്ന മൂന്ന് ഏകദിന പരമ്പരയില്‍ നിന്ന് പിന്മാറാനാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനം.
താലിബാന് ഭരണത്തിന് കീഴില്‍ സ്ത്രീകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണങ്ങളാണ് ഇരു ടീമുകളും തമ്മിലുള്ള പരമ്പരയില്‍ നിന്ന് പിന്മാറാനുള്ള കാരണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രസ്താവനയിലൂടെ അറിയിച്ചു. ‘അഫ്ഗാനിസ്താനില്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള പുരുഷന്മാരുടെയും വനിതകളുടെയും ക്രിക്കറ്റ് വളര്‍ത്താന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനായി അഫ്ഗാന് ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ചകള്‍ തുടരും’ ക്രിക്കറ്റ് ഓസ്ട്രേലിയ ട്വിറ്ററില്‍ കുറിച്ചു.
വിദ്യാഭ്യാസ ലംഘനത്തിനൊപ്പം തന്നെ അഫ്ഗാന് വനിതകള്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതും താലിബാന് വിലക്കിയിട്ടുണ്ട്. വനിതാ ടീമില്ലാത്ത ഏക ഐസിസി രാജ്യമാണ് അഫ്ഗാനിസ്താന്. ശനിയാഴ്ച ആരംഭിക്കുന്ന അണ്ടര്‍ 19 വനിത ട്വന്റി ട്വന്റി ലോകകപ്പില്‍ പങ്കെടുക്കാത്ത ഏക ഐസിസി അംഗത്വമുള്ള രാജ്യവും അഫ്ഗാനിസ്താനാണ്. അതേസമയം അഫ്ഗാനിസ്താനില്‍ വനിതാ ക്രിക്കറ്റ് വീണ്ടും സജീവമാക്കാനുള്ള ശ്രമങ്ങള്‍ ഐസിസി തുടങ്ങുകയും ചെയ്തു.
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ നിഷേധിക്കുന്ന താലിബാന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. രാജ്യത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ അഫ്ഗാന് ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ച നടത്തുമെന്നും സി.എ അറിയിച്ചു. വിഷയത്തില്‍ ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ പിന്തുണയ്ക്കും സി.എ നന്ദി രേഖപ്പെടുത്തി.