യൂറോപ്പിന്റെ ഫുട്ബോള്‍ കിരീടത്തിനായി ഇംഗ്ലണ്ടും ഇറ്റലിയും ഇന്ന് വെംബ്ലിയില്‍ കലാശപ്പോരാട്ടത്തിന് ഇറങ്ങും. അഞ്ചര പതിറ്റാണ്ടിന് ശേഷം ഒരു ഫൈനലിനിറങ്ങുന്ന ഇംഗ്ലണ്ടിന്റെ ലക്ഷ്യം പ്രഥമ യൂറോകപ്പാണ്. രാജ്യാന്തര ഫുട്ബോളിലേയ്ക്കുള്ള തിരിച്ചു വരവ് ആഘോഷിക്കാന്‍ ഇറ്റലിയും കിരീടം സ്വപ്നം കാണുന്നു.
വെംബ്ലിയില്‍ 1966ലെ ചരിത്രം ആവര്‍ത്തിക്കാന്‍ ഇംഗ്ലണ്ട്. 33 മല്‍സരങ്ങളുടെ അപരാജിത കുതിപ്പിന് കിരീടം കൊണ്ട് മാറ്റു കൂട്ടാന്‍ ഇറ്റലി. ഇംഗ്ലീഷ് കോട്ടകാക്കുന്നത് മാഞ്ചസ്റ്റര്‍ താരങ്ങളെങ്കില്‍ ഇറ്റാലിയന്‍ പ്രതിരോധം യുവന്റസ് താരങ്ങളുടെ പക്കല്‍ ഭദ്രമാണ്.
ഇന്സിന്യയില് നിന്ന് തുടങ്ങുന്ന പ്രത്യാക്രമണമാണ് ക്വാര്‍ട്ടറിലും സെമിയിലും ഇറ്റലിക്ക് കരുത്തായത്. ഒരൊറ്റ നീക്കം കൊണ്ട് കളിഗതി മാറ്റാന്‍ കെല്‍പ്പുള്ള ഇംഗ്ലണ്ടിന്റെ ജാക്ക് ഗ്രീലിഷ് ആദ്യ ഇലവനില്‍ ഇടംപിടിക്കുമോ എന്നറിയാന്‍ കാത്തിരിക്കണം. ഇറ്റലി നേടിയ 16 ഗോളുകളില്‍ മൂന്നെണ്ണം ബോക്സിന് പുറത്തു നിന്ന്. ഇംഗ്ലണ്ടിന്റെ പത്തു ഗോളുകളില്‍ അഞ്ചണ്ണവും ഹെഡറിലൂടെ. ടൂര്‍ണമെന്റില്‍ എല്ലാ മല്‍സരങ്ങളും വിജയിച്ച ഏകടീമാണ് ഇറ്റലി.