കോപ്പ അമേരിക്കയിലെ സ്വപ്ന ഫൈനലില്‍ അര്‍ജന്റീനയും ബ്രസീലും നാളെ നേര്‍ക്കുനേര്‍. ബ്രസീല്‍ കിരീടം നിലനിര്‍ത്താന്‍ വരുമ്പോള്‍ 28 വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് അവസാനമിടാനാണ് അര്‍ജന്റീന ഇറങ്ങുന്നത്. നാളെ പുലര്‍ച്ചെ 5.30 നാണ് കലാശപ്പോരാട്ടം.
ഫുട്ബോള്‍ ലോകത്തെ രണ്ടായി വിഭജിച്ച് നെയ്മറുടെ ബ്രസീലും മെസിയുടെ അര്‍ജന്റീനയും ലാറ്റിനമേരിക്ക പിടിക്കാന്‍ മാറക്കാനയില്‍ ഇറങ്ങും. അര്‍ജന്റീനയ്ക്ക് 14 കോപ്പയും ബ്രസീലിന് ഒന്‍പത് കോപ്പയും സ്വന്തമായുണ്ടെങ്കിലും ഇതുവരെ കിരീടമുയര്‍ത്താന്‍ ലയണല്‍ മെസിക്കും നെയ്മറിനും കഴിഞ്ഞിട്ടില്ല. ബ്രസീലിന്റെ എല്ലാം നെയ്മറാണെങ്കില് അര്‍ജന്റീനയ്ക്ക് എല്ലാമെല്ലാം മെസിയാണ്.
നാലുഗോളടിച്ച മെസി അഞ്ചുഗോളുകള്‍ക്ക് വഴിയൊരുക്കി. ടൂര്‍ണമെന്റില്‍ അര്‍ജന്റീന ആകെ നേടിയ 11 ഗോളുകളില്‍ ഒന്‍പതിലും മെസി ടച്ച്. എതിരാളികള്‍ ഉയര്‍ത്തുന്ന ഏതുമതിലും തകര്‍ത്ത് വലയിലാകാന്‍ കെല്‍പ്പുള്ള മെസിയുടെ ഫ്രീക്കിക്കുകള്‍ തന്നെയാണ് ബ്രസീല്‍ ഭയക്കുന്നതും.
കോവിഡ് ഭീതിയില്‍ ടൂര്‍ണമെന്റ് തന്നെ ഉപേക്ഷിക്കുമെന്ന് മുന്‍നിര താരങ്ങള്‍ പ്രഖ്യാപിച്ചിടത്തു നിന്നാണ് ബ്രസീല്‍ ഫൈനല്‍ വരെ എത്തി നില്‍ക്കുന്നത്. ആദ്യ മൂന്നു മല്‍സരങ്ങളില്‍ നിന്ന് നേടിയത് ഒന്‍പത് ഗോളുകള്‍. ആറു മല്‍സരങ്ങളില്‍ നിന്ന് 12 ഗോളുകള്‍ നേടിയപ്പോള്‍ വഴങ്ങിയത് രണ്ടു ഗോളുകള്‍ മാത്രം.
രണ്ടു ഗോള്‍ നേടുകയും മൂന്നു ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത് നെയ്മര്‍. ചുവപ്പു കാര്‍ഡ് കണ്ട് രണ്ടു മല്‍സരങ്ങളില്‍ നിന്ന് വിലക്കുലഭിച്ച ഗബ്രിയല് ജിസ്യൂസ് ഫൈനലില്‍ ബ്രസീല്‍ നിരയിലുണ്ടാകില്ല.