ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 12 മത്സരത്തില്‍ നമീബിയക്കെതിരെ ഇന്ത്യക്ക് ആധികാരിക ജയം. 9 വിക്കറ്റിനാണ് ഇന്ത്യ അവസാന ഗ്രൂപ്പ് മത്സരത്തില്‍ നമീബിയയെ കീഴടക്കിയത്. നമീബിയ മുന്നോട്ടു വച്ച 133 റണ്‍സ് വിജയലക്ഷ്യം 15.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഇതോടെ ട്വന്റി-20 ലോകകപ്പ് ക്യാമ്പയിന് ജയത്തോടെ അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ട്വന്റി-20 ക്യാപ്റ്റനായി കോലിയുടെയും ഇന്ത്യന്‍ പരിശീലകനായി രവി ശാസ്ത്രിയുടെയും അവസാന മത്സരമായിരുന്നു ഇത്.
അനായാസമാണ് ഇന്ത്യ നമീബിയക്കെതിരെ വിജയിച്ചത്. ആദ്യ വിക്കറ്റില്‍ തന്നെ രാഹുലും രോഹിതും ചേര്‍ന്ന് 86 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. ഇതിനിടെ 31 പന്തില്‍ ഫിഫ്റ്റി തികച്ച രോഹിത് രാജ്യാന്തര ട്വന്റി-20യില്‍ 3000 റണ്‍സും തികച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും കിവീസ് ഓപ്പണര്‍ മാര്ട്ടിന് ഗപ്റ്റിലിനും ശേഷം ഈ നേട്ടത്തിലെത്തുന്ന താരമാണ് രോഹിത്. 37 പന്തുകളില്‍ 56 റണ്‍സെടുത്ത രോഹിതിനെ പുറത്താക്കിയ ജാന്‍ ഫ്രൈലിങ്ക് ആണ് ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചത്.
മൂന്നാം നമ്പറില്‍ കോലിക്ക് പകരം സൂര്യകുമാര്‍ യാദവ് എത്തി. സൂര്യയും മികച്ച ഫോമിലായിരുന്നു. ഇതിനിടെ 35 പന്തുകളില്‍ രാഹുലും ഫിഫ്റ്റി തികച്ചു. രണ്ടാം വിക്കറ്റില്‍ രാഹുല്‍- സൂര്യ സഖ്യം അപരാജിതമായ 47 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. ലോകേഷ് രാഹുല്‍ (54), സൂര്യകുമാര്‍ യാദവ് (25) പുറത്താവാതെ നിന്നു.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ നമീബിയ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 132 റണ്‍സാണ് നേടിയത്. 26 റണ്‍സെടുത്ത ഡേവിഡ് വീസ് ആണ് നമീബിയയുടെ ടോപ്പ് സ്കോറര്‍. ഇന്ത്യക്കായി അശ്വിനും ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.