ഐപിഎല്‍ 13ാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിനു ജയം. 17 റണ്‍സിനാണ് ഡല്‍ഹി ജയിച്ചത്. ജയത്തോടെ ഡല്‍ഹി ഫൈനല്‍ പ്രവേശനം നേടുകയും ചെയ്തു. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഡല്‍ഹി ഫൈനലില്‍ എത്തുന്നത്.
കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിന് മോശം തുടക്കമാണ് ലഭിച്ചത്. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ കഗീസോ റബാഡ ഡേവിഡ് വാര്‍ണറുടെ (2) കുറ്റി പിഴുതു. ഓപ്പണിംഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ പ്രിയം ഗാര്‍ഗിനും ഏറെ ആയുസുണ്ടായില്ല. അഞ്ചാം ഓവറില്‍ 17 റണ്‍സെടുത്ത ഗാര്‍ഗിനെ മാര്‍ക്കസ് സ്റ്റോയിനിസ് ക്ലീന്‍ ബൗള്‍ഡാക്കി. ആ ഓവറില്‍ തന്നെ മനീഷ് പാണ്ഡെയും (21) മടങ്ങി. പാണ്ഡെയെ സ്റ്റോയിനിസിന്റെ പന്തില്‍ നോര്‍ക്കിയ പിടികൂടുകയായിരുന്നു.
പവര്‍ പ്ലേയ്ക്കുള്ളില് തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി തകര്‍ച്ച മുന്നില്‍ കണ്ട ഹൈദരാബാദിനായി ജേസന്‍ ഹോള്‍ഡറും കെയിന്‍ വില്ല്യംസണും ഒത്തുചേര്‍ന്നു. റണ്‍ റേറ്റ് പിടിവിട്ടു പോകാന്‍ അനുവദിക്കാതിരുന്ന അവര്‍ ഹൈദരാബാദിനെ വീണ്ടും ട്രാക്കിലെത്തിച്ചു. 46 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഹോള്‍ഡറെ (11) പ്രവീണ്‍ ദുബെയുടെ കൈകളില്‍ എത്തിച്ച അക്സര്‍ പട്ടേല്‍ ഒടുവില്‍ ഈ കൂട്ടുകെട്ട് പൊളിച്ചു.
ആറാം നമ്പറില്‍ എത്തിയ അബ്ദുല്‍ സമദ് ഗംഭീര ഫോമിലായിരുന്നു. സമദിനൊപ്പം വില്ല്യംസണും കൂറ്റന്‍ ഷോട്ടുകള്‍ കണ്ടെത്തിയതോടെ ഹൈദരാബാദിനു വീണ്ടും പ്രതീക്ഷയായി. ഇതിനിടെ 35 പന്തുകളില്‍ വില്ല്യംസണ് ഫിഫ്റ്റി തികച്ചു. 45 പന്തുകളില്‍ 67 റണ്‍സ് നേടിയ താരം മാര്‍ക്കസ് സ്റ്റോയിനിസിന്റെ പന്തില്‍ കഗീസോ റബാഡയ്ക്ക് പിടി നല്കി മടങ്ങിയത് വീണ്ടും ഡല്‍ഹിക്ക് മുന്‍തൂക്കം നല്കി.
കൂറ്റന്‍ ഷോട്ടുകള്‍ ഉതിര്‍ത്തു കൊണ്ടിരുന്ന സമദ് 19ാം ഓവറില്‍ പുറത്തായി. 16 പന്തുകളില്‍ 33 റണ്‍സെടുത്ത സമദിനെ കഗീസോ റബാഡ സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായ കീമോ പോളിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ റാഷിദ് ഖാന് (11) അക്സര്‍ പട്ടേല്‍ പിടിച്ചു പുറത്തായി. അഞ്ചാം പന്തില്‍ ശ്രീവത്സ് ഗോസ്വാമിയെ (0) മാര്‍ക്കസ് സ്റ്റോയിനിസ് പിടികൂടി. അവസാന ഓവറിലെ 22 റണ്‍സ് വിജയലക്ഷ്യം നോര്‍ക്കിയ അനായാസം പ്രതിരോധിച്ചതോടെ ജയം പിടിച്ച് ഡല്‍ഹി ഫൈനലില്‍.