ഐപിഎല്‍ 14ആം സീസണ് ഇന്ന്് ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. കൊവിഡ് ബാധയെ തുടര്‍ന്ന് അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം.
കോര്‍ ടീമിനെ നിലനിര്‍ത്തി ശക്തരായ സ്ക്വാഡുമായി ഇറങ്ങുന്ന മുംബൈയും ലേലത്തില്‍ ഉയര്‍ന്ന തുക ചെലവഴിച്ച് വമ്പന്‍ താരങ്ങളെ ടീമിലെത്തിച്ച് ആര്‍സിബിയും തയ്യാറായിക്കഴിഞ്ഞു. ആദ്യ മത്സരങ്ങളില്‍ തോറ്റു തുടങ്ങുന്ന പതിവുള്ള മുംബൈ പക്ഷേ, അഞ്ച് കിരീടങ്ങളുമായി ഐപിഎലിലെ ഏറ്റവും മികച്ച ടീമാണ്. റോയല്‍ ചലഞ്ചേഴ്സ് ആവട്ടെ, പലപ്പോഴും സൂപ്പര്‍ സ്റ്റാറുകളെ അണിനിരത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ഒരു ഐപിഎല്‍ കിരീടം നേടാന്‍ സാധിക്കാത്ത ടീമും ആണ്.
ക്വാറന്റീനിലുള്ള ക്വിന്റണ്‍ ഡികോക്ക് ഇന്ന് മുംബൈക്കായി കളിക്കുമോ എന്നത് സംശയമാണ്. ഡികോക്ക് കളിച്ചില്ലെങ്കില്‍ അത് ക്രിസ് ലിന്നിന് വഴിയൊരുക്കും. ഇഷാന് കിഷനെ ഓപ്പണിംഗിലേക്ക് മാറ്റി ജെയിംസ് നീഷം കളിക്കാനും ഇടയുണ്ട്. ചെപ്പോക്കിലെ സ്പിന്‍ പിച്ചില്‍ രണ്ട് സ്പിന്നര്‍മാരെ പരിഗണിച്ചാല്‍ രാഹുല്‍ ചഹാറിനൊപ്പം പീയുഷ് ചൗളയോ ജയന്ത് യാദവോ കളിക്കും. മൂന്ന് പേസര്‍മാരുമായി ഇറങ്ങിയാല്‍ കോള്‍ട്ടര്‍നൈല്‍ തന്നെ കളിക്കും. ബുംറ, ബോള്‍ട്ട് എന്നിവരാവും മറ്റ് പേസര്‍മാര്‍.
ആര്‍സിബിയില്‍, കൊവിഡ് നെഗറ്റീവായി എത്തിയ ദേവ്ദത്ത് കളിക്കാനുള്ള സാധ്യത കുറവാണ്. ദേവ്ദത്ത് ഇല്ലെങ്കില്‍ മലയാളി താരം അസ്ഹര്‍ കോലിക്കൊപ്പം ഓപ്പണ്‍ ചെയ്തേക്കും. ആദം സാമ്പയും കെയിന്‍ റിച്ചാര്‍ഡ്സണും കളിക്കില്ല. ചെപ്പോക്ക് പിച്ച് പരിഗണിച്ച് സ്പിന്‍ ശക്തിപ്പെടുത്തുകയാണെങ്കില്‍ യുസ്വേന്ദ്ര ചഹാലിനൊപ്പം കളിപ്പിക്കാന്‍ മറ്റൊരു സ്പെഷ്യലിസ്റ്റ് സ്പിന്നര്‍ ആര്‍സിബിയില്‍ ഇല്ല. എന്നാല്‍, സ്പിന്‍ ഓള്‍റൗണ്ടര്‍മാര്‍ ഉള്ളതുകൊണ്ട് തന്നെ അവരില്‍ ആരെങ്കിലും കളിച്ചേക്കാം. അങ്ങനെയെങ്കില്‍ ഷഹബാസ് അഹ്മദോ സുയാഷ് പ്രഭുദേശായിയോ ടീമിലെത്തും. വാഷിംഗ്ടണ്‍ സുന്ദറും കളിക്കും. ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് സിറാജും നവദീപ് സെയ്നിയുമാവും പേസ് ആക്രമണം നയിക്കുക. ഫിനിഷര്‍ റോളില്‍ രജത് പാട്ടിദാറോ സുയാഷോ ഇറങ്ങും.