ഓസീസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്ക് പരാജയം. 12 റണ്‍സിനാണ് ഓസീസിന്റെ വിജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക്, നിശ്ചിത 20 ഓവറില്‍ നേടാനായത് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് മാത്രം. ഓസ്ട്രേലിയയ്ക്കായി മിച്ചല്‍ സ്വെപ്സണ് നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. മത്സരം തോറ്റെങ്കിലും മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. കഴിഞ്ഞ 12 ട്വന്റി20 മത്സരങ്ങള്‍ക്കിടെ ഇന്ത്യയുടെ ആദ്യ തോല്‍വി കൂടിയാണിത്. 2019 ഡിസംബറില്‍ തിരുവനന്തപുരത്ത് വെസ്റ്റിന്‍ഡീസിനോടാണ് ഇന്ത്യ ഇതിനു മുന്‍പ് ട്വന്റി20യില്‍ തോറ്റത്. 2019 ഫെബ്രുവരിയില്‍ ഹാമില്‍ട്ടനില്‍ ന്യൂസീലന്‍ഡിനോടു തോറ്റ ശേഷം വിദേശത്ത് ഒരു ട്വന്റി20 മത്സരം തോല്ക്കുന്നതും ഇതാദ്യം.
ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുന്തൂണ്. കോലി 61 പന്തില്‍ നാലു ഫോറും മൂന്നു സിക്സും സഹിതം 84 റണ്‍സെടുത്തു. ഇതോടെ, ട്വന്റി20യില്‍ കൂടുതല്‍ 50+ സ്കോറുകളുമായി കോലി, ഇന്ത്യന്‍ താരം കൂടിയായ രോഹിത് ശര്‍മയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി. രോഹിത് ശര്‍മ 100 ഇന്നിങ്സുകളിലാണ് 25 തവണ 50 കടന്നതെങ്കില്‍, കോലിക്ക് വേണ്ടിവന്നത് 85 ഇന്നിങ്സ് മാത്രം. ശിഖര്‍ ധവാന് 21 പന്തില്‍ മൂന്നു ഫോറുകളോടെ 28 റണ്‍സെടുത്തു. ഹാര്‍ദിക് പാണ്ഡ്യ 13 പന്തില്‍ ഒരു ഫോറും രണ്ടു സിക്സും സഹിതം 20 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യന്‍ നിരയില്‍ കെ.എല്‍. രാഹുല്‍ (0), സഞ്ജു സാംസണ് (ഒന്‍പത് പന്തില്‍ 10), ശ്രേയസ് അയ്യര്‍ (0), വാഷിങ്ടന്‍ സുന്ദര്‍ (ആറു പന്തില്‍ ഏഴ് എന്നിവര്‍ നിരാശപ്പെടുത്തി. ഷാര്‍ദുല്‍ താക്കൂര്‍ ഏഴു പന്തില്‍ രണ്ട് സിക്സര്‍ സഹിതം 17 റണ്‍സോടെ പുറത്താകാതെ നിന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 186 റണ്‍സെടുത്തത്. ഇന്ത്യയുടെ വൈകിയ ഡിആര്‍എസ് തീരുമാനത്തിലൂടെ ആയുസ് നീട്ടിക്കിട്ടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് മാത്യു വെയ്ഡാണ് ഓസീസിന്റെ ടോപ് സ്കോറര്‍. 53 പന്തുകള്‍ നേരിട്ട വെയ്ഡ് ഏഴു ഫോറും രണ്ടു സിക്സും സഹിതം 80 റണ്‍സെടുത്തു. വിക്കറ്റെടുത്ത പന്ത് നോബോളായതോടെ ആയുസ് നീട്ടിക്കിട്ടിയ ഗ്ലെന്‍ മാക്സ്വെലും ഓസീസിനായി അര്‍ധസെഞ്ചുറി നേടി. മാക്സ്വെല് 36 പന്തില്‍ മൂന്നു വീതം സിക്സും ഫോറും സഹിതം 54 റണ്‍സെടുത്തു.
പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് വെയ്ഡ് അര്‍ധസെഞ്ചുറി നേടുന്നത്. ഇതുവരെ രാജ്യാന്തര ട്വന്റി20യില്‍ വെയ്ഡ് നേടിയ മൂന്ന് അര്‍ധസെഞ്ചുറിയും ഇന്ത്യയ്ക്കെതിരെയാണെന്ന പ്രത്യേകതയുമുണ്ട്. ഇടവേളയ്ക്കു ശേഷം ടീമിലേക്കു തിരിച്ചെത്തിയ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് പൂജ്യത്തിന് പുറത്തായി. സ്റ്റീവ് സ്മിത്ത് 23 പന്തില്‍ ഒരു ഫോര്‍ സഹിതം 24 റണ്‍സെടുത്തു. ഡാര്‍സി ഷോര്‍ട്ട് മൂന്നു പന്തില്‍ ഏഴു റണ്‍സെടുത്ത് അവസാന ഓവറില്‍ റണ്ണൗട്ടായി. മോയ്സസ് ഹെന്റിക്വസ് അഞ്ച് റണ്‍സോടെയും ഡാനിയല്‍ സാംസ് നാലു റണ്‍സോടെയും പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്കായി വാഷിങ്ടന്‍ സുന്ദര്‍ നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കരുത്തു കാട്ടിയ ടി.നടരാജന് നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ഷാര്‍ദുല്‍ താക്കൂറിനും ഒരു വിക്കറ്റ് ഉണ്ടെങ്കിലും നാല് ഓവറില്‍ 43 റണ്‍സ് വഴങ്ങി.