ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടുന്നത് ആരാണെന്ന് ഇന്നറിയാം. രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടും. രാത്രി 7.30ന് അബുദാബിയിലാണ് മത്സരം. ആദ്യത്തെ 9 കളികളില്‍ ഏഴെണ്ണവും ജയിച്ച ഡല്‍ഹി പ്ലേ ഓഫിലടക്കമുള്ള ആറ് മത്സരങ്ങളില്‍ അഞ്ചിലും തോറ്റു. നേര്‍വിപരീതമാണ് സസണ്റൈസേഴ്സിന്റെ സ്ഥിതി.
ആദ്യ ഒന്‍പത് മത്സരങ്ങളില്‍ ആറിലും തോറ്റ ഹൈദരാബാദ് അവസാന അവസാനത്തെ ആറെണ്ണത്തില്‍ അഞ്ചിലും ജയിച്ചുകയറി. ഒന്‍പത് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പോയിന്റ് പട്ടികയില്‍ ഏഴാമതായിരുന്നു സണ്‍റൈസേഴ്സ്. തുടര്‍തോല്‍വികളില്‍ നിന്ന് വിന്നിംഗ് കോമ്പിനേഷനിലേക്ക് ടീം മാറിയതാണ് ഓറഞ്ച് പടയ്ക്ക് മുന്‍തൂക്കം നല്‍കുന്നത്. കഴിഞ്ഞ ആറ് മത്സരങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ 150ലേറെ റണ്‍സ് വഴങ്ങിയത്.
പൃഥ്വി ഷായുടെ മോശം ഫോമും ഷിമ്രോണ്‍ ഹെറ്റ്മേയറെ എവിടെ ഉള്‍പ്പെടുത്തും എന്ന ആശയക്കുഴപ്പവുമാണ് ക്യാപ്പിറ്റല്‍സിന്റെ പ്രശ്നം. മാര്‍ക്കസ് സ്റ്റൊയിണിസിനോ രഹാനയ്ക്കോ ഓപ്പണറായി പ്രമോഷന് നല്‍കാനും കോച്ച് റിക്കി പോണ്ടിംഗ് തയാറായേക്കും. ഈ സീസണില്‍ രണ്ട് തവണ ഏറ്റമുട്ടിയപ്പോള്‍ ഇരുവട്ടവും സണ്‍റൈസേഴ്സിനായിരുന്നു ജയം.