ട്വന്റി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡ് ഇന്ന് അഫ്ഗാനിസ്താനെ നേരിടും. മത്സരഫലം ഇന്ത്യയുടെ സെമി സാധ്യതകളെയും നിര്‍ണയിക്കും. ഉച്ചകഴിഞ്ഞ് 3.30ന് അബുദാബിയിലാണ് മത്സരം.
ന്യൂസിലന്‍ഡ് ജയിച്ചാല്‍ ഇന്ത്യ സെമിഫൈനല്‍ കാണാതെ പുറത്താകും. അഫ്ഗാന് വിജയിക്കുകയും, നാളെ നമീബിയയ്ക്കെതിരെ വന്‍ മാര്‍ജിനില്‍ ജയം സ്വന്തമാക്കുകയും ചെയ്താല്‍ ഇന്ത്യയ്ക്ക് സെമിഫൈനലിലെത്താം. ഇന്നത്തെ രണ്ടാം മല്‍സരത്തില്‍ സെമിയുറപ്പിച്ച പാക്കിസ്ഥാന് സ്കോട്്ലന്ഡാണ് എതിരാളികള്‍.
രണ്ടാം ഗ്രൂപ്പില്‍ ഇന്ത്യക്ക് സെമി കടക്കാന്‍ സങ്കീര്‍ണമാണ് കാര്യങ്ങള്‍. ഉച്ചയ്ക്ക് 3.30ന് മല്‍സരിക്കാനിറങ്ങുമ്പോള്‍ കിവീസിന് ലക്ഷ്യം അഫ്ഗാനെതിരെ ജയം മാത്രം. ജയിച്ചാല്‍ ഗ്രൂപ്പില്‍ നാലു ജയവും എട്ടുപോയിന്റുമായി പാക്കിസ്ഥാനൊപ്പം അവര്‍ സെമിയില്‍ കയറും. ടീം ഇന്ത്യ സെമി കാണാതെ പുറത്തുമാകും. പക്ഷേ ജയിക്കുന്നത് അഫ്ഗാനാണെങ്കില് തിങ്കളാഴ്ച ഇന്ത്യക്ക് പ്രതീക്ഷയോടെ നമീബിയക്കെതിരെയിറങ്ങാം. രണ്ട് മിന്നും ജയത്തോടെ ഫോമിലെത്തിയ നീലപ്പടയ്ക്ക് വലിയ ജയം നേടി സെമിയിലെത്താന്‍ സാധിച്ചേക്കാം.
സ്കോട്ലന്ഡിനെതിരെ വന്‍ ജയം സ്വന്തമാക്കിയതോടെ ഇന്ത്യയുടെ റണ്‍റേറ്റ് പാക്കിസ്ഥാനേക്കാളും ന്യൂസിലന്ഡിനേക്കാളും മുകളിലാണ്. ഇതും ഇന്ത്യക്ക് പ്രതീക്ഷ നല്കുന്ന ഘടകമാണ്. പക്ഷേ ചെറുതായെങ്കിലും പ്രതീക്ഷ വയ്ക്കണമെങ്കില്‍ അഫ്ഗാനിസ്ഥാന് കിവീസിനെ തോല്‍പ്പിക്കണം. അങ്ങനെയെങ്കില്‍ അവസാന ദിവസം വരെ സെമി ലൈനപ്പിന്റെ സസ്പെന്‍സ് നിലനിര്‍ത്താന്‍ ടൂര്‍ണമെന്റിന് സാധിക്കും.
അതേസമയം സെമി ഉറപ്പിക്കാനുള്ള ന്യൂസിലന്‍ഡിന്റെ അവസാന കടമ്പയാണ് അഫ്ഗാനെതിരായ മത്സരം. ജയം നേടി ഗ്രൂപ്പില്‍ രണ്ടാമനായി സെമിയിലെത്താനാണ് ന്യൂസിലന്‍ഡ് ലക്ഷ്യം.
ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്, മാര്ട്ടിന് ഗുപ്ടില്‍ എന്നീ ബാറ്റര്‍മാരും ഡാരില്‍ മിച്ചല്‍, ഗ്ലേന്‍ ഫിലിപ്സ്, ജിമ്മി നീഷാം എന്നീ അള്റൗണ്ടര്മാരും ബോള്‍ട്ടും സൗത്തിയും സോധിയും ഫോമിലുള്ളത് ന്യൂസിലന്‍ഡിന് സാധ്യത കൂട്ടുന്നു. എന്നാല്‍ വമ്പന്‍ ടീമുകളെ അട്ടിമറിക്കാന്‍ ശേഷിയുള്ള ടീം തന്നെയാണ് അഫ്ഗാനിസ്താന്. സമ്മര്‍ദമില്ലാതെ ബാറ്റ് ചെയ്യുന്ന മുന്‍നിര ബാറ്റര്‍മാരും റാഷിദ് ഖാന്, മുഹമ്മദ് നബി, മുജീബ് ഉര് റഹ്മാന് സ്പിന്‍ ത്രയവുമാണ് അഫ്ഗാന്റെ കരുത്ത്. ഇന്ന് വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ അഫ്ഗാനും സെമി സാധ്യതയുണ്ട്.
രണ്ടാം മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള പാകിസ്താനും അവസാന സ്ഥാനക്കാരായ സ്കോട്ട്ലന്‍ഡും തമ്മില്‍ ഏറ്റുമുട്ടും. കരുത്തിലും അനുഭവ സമ്പത്തിലും പാകിസ്താനാണ് മുന്നില്‍. എന്നാലും പോരാടാനുറച്ചാകും സ്കോട്ടിഷ് പടയുടെ വരവ്. രാത്രി 7.30ന് ഷാര്‍ജയിലാണ് മത്സരം.