അട്ടിമറികളുമായി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ച ഏഷ്യന്‍ കരുത്ത് കൊറിയയെ 4 ഗോളില്‍ മുക്കി ബ്രസീലിന്റെ മിന്നും വിജയം. ആദ്യ പകുതിയിലെ ദയനീയ പ്രകടനത്തിന് ശേഷം രണ്ടാം പകുതിയില്‍ ബ്രസീലിനെതിരെ ഒരു ഗോള്‍ മടക്കിയെങ്കിലും വിജയിക്കാന്‍ കൊറിയയ്ക്ക് അത് പോരായിരുന്നു. കളിയുടെ 76ാം മിനിറ്റില്‍ പാലിക്ക് സേ ഉങ് ആണ് കൊറിയയ്ക്കായി ഗോള്‍ നേടിയത്. കോര്‍ണറില്‍ നിന്ന് തുറന്നെടുത്ത അവസരമാണ് ബ്രസീല്‍ പ്രതിരോധ നിരയെ മറികടന്ന് ബോക്സിന് പുറത്തുനിന്നുള്ള തകര്‍പ്പന്‍ ഷോട്ടിലൂടെ ഗോളായി മാറിയത്. ക്രൊയേഷ്യ ആയിരിക്കും ബ്രസീലിന്റെ ക്വാര്‍ട്ടറിലെ എതിരാളികള്‍.
കൊറിയന്‍ കരുത്തിനെ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ 4 ഗോളുകളടിച്ച് ബ്രസീല്‍ പ്രതിരോധത്തിലാക്കിയിരുന്നു. വിനീഷ്യസും നൈമറും റിച്ചാര്‍ലിസനും പെക്വുറ്റയുമാണ് ബ്രസീലിനായി ഗോളുകള്‍ നേടിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റിലാണ് വിനീഷ്യസ് ഗോള്‍ നേടിയത്. പതിനൊന്നാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ നൈമറും ഗോള്‍ കണ്ടെത്തുകയായിരുന്നു. മത്സരത്തിന്റെ 28ാം മിനിറ്റിലാണ് റിച്ചാര്‍ലിസന്റെ ഗോള്‍ പിറന്നത്. 36ാം മിനിറ്റില്‍ വിനീഷ്യസിന്റെ പാസില്‍ നിന്നുമാണ് പെക്വുറ്റ ഗോള്‍ നേടിയത്. ഈ ലോകകപ്പിലെ റിച്ചാര്‍ലിസന്റെ മൂന്നാം ഗോളാണിത്.
പരുക്കില്‍ നിന്ന് മുക്തനായ നെയ്മറിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് പരിശീലകന് ടിറ്റെ ടീമിനെ പ്രഖ്യാപിച്ചത്. മടങ്ങി വരവ് ഗംഭീരമാക്കാന്‍ നെയ്മറിനായി. ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയെ നേരിട്ട ബ്രസീല്‍ ടീമില്‍ നെയ്മര്‍ തിരിച്ചെത്തിയത് ആരാധകര്‍ക്കും ആവേശമായി. പരുക്ക് മൂലം കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കാതിരുന്ന ഡനീലോയും ആദ്യ ഇലവനിലുണ്ടായിരുന്നു.