ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് കൂറ്റന്‍ ജയം. 57 റണ്‍സിന് ഡല്‍ഹിയെ കീഴടക്കിയ മുംബൈ ഫൈനല്‍ പ്രവേശനം നേടുകയും ചെയ്തു. മുംബൈ ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 65 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയിനിസ് ആണ് ഡല്‍ഹിയുടെ ടോപ്പ് സ്കോറര്‍. അക്സര്‍ പട്ടേല്‍ 42 റണ്‍സെടുത്തു. മറ്റാര്‍ക്കും ഡല്‍ഹി നിരയില്‍ തിളങ്ങാനായില്ല. അക്കൗണ്ട് തുറക്കും മുന്‍പ് തന്നെ ഡല്‍ഹിക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു.
ഡല്‍ഹിയുടെ ആദ്യ മൂന്ന് താരങ്ങളും റണ്‍ ഒന്നും എടുക്കാതെയാണ് പുറത്തായത്. ആദ്യ ഓവറില്‍ ട്രെന്റ് ബോള്‍ട്ട് പൃഥ്വി ഷായെയും അജിങ്ക്യ രഹാനെയെയും മടക്കി അയച്ചു. പൃഥ്വിയെ ഡികോക്ക് പിടികൂടിയപ്പോള്‍ രഹാനെ വിക്കറ്റിനു മുന്നില്‍ കുരുങ്ങി. അടുത്ത ഓവറില്‍ ബുംറ ധവാനെയും പുറത്താക്കി. നാലാം ഓവറില്‍ ശ്രേയാസ് അയ്യരും (12) പുറത്ത്. അയ്യരെ ബുംറ രോഹിതിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. ഋഷഭ് പന്ത് (3) കൃണാല്‍ പാണ്ഡ്യയുടെ പന്തില്‍ സൂര്യകുമാര്‍ യാദവിന്റെ കൈകളില്‍ അവസാനിച്ചു.
8ാം ഓവറില്‍ 41/5 എന്ന നിലയിലാണ് അക്സര്‍ പട്ടേല്‍- മാര്‍ക്കസ് സ്റ്റോയിനിസ് സഖ്യം ക്രീസില്‍ ഒത്തുചേര്‍ന്നത്. കൂട്ടുകെട്ട് മുന്നേറവെ 16ാം ഓവറില്‍ ബുംറ രണ്ടാം സ്പെല്ലിനെത്തി. ഓവറിലെ ആദ്യ പന്തില്‍ തന്നെ സ്റ്റോയിനിസിന്റെ സ്റ്റംമ്പ് പിഴുത് ബുംറ മുംബൈ ഇന്ത്യന്‍സിന് വീണ്ടും മേല്‍ക്കൈ നല്കി. 46 പന്തുകളില്‍ നിന്ന് 65 റണ്‍സെടുത്താണ് സ്റ്റോയിനിസ് മടങ്ങിയത്. ആ ഓവറില്‍ തന്നെ ഡാനിയല്‍ സാംസും (0) പുറത്തായി. അക്സര്‍ പട്ടേല്‍ (42) കീറോണ്‍ പൊള്ളാര് എറിഞ്ഞ അവസാന ഓവറില്‍ രാഹുല്‍ ചഹാറിന്റെ കൈകളില്‍ അവസാനിച്ചു.