ഒത്തുകളി വിവാദത്തിനും ഏഴു വര്‍ഷത്തെ വിലക്കിനും ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് ശ്രീശാന്ത് തിരിച്ചു വരവ് നടത്തിയിട്ട് അധിക നാളുകള്‍ ആയിട്ടില്ല. വിലക്ക് നീക്കിയതിനു ശേഷം കഠിനാധ്വാനം ചെയ്തു ഫിറ്റ്നെസ് കാത്തുസൂക്ഷിച്ച ശ്രീ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലടക്കം കേരളത്തിനായി മികച്ച പ്രകടനവും കാഴ്ചവച്ചിരുന്നു.
ശ്രീശാന്തിന്റെ ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തന്റെ പഴയ ജഴ്സിയണിഞ്ഞുള്ള ഒരു ചിത്രത്തിനൊപ്പമാണ് ശ്രീശാന്ത് വൈകാരികമായ ഒരു കുറിപ്പ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
”ടീ ഷര്‍ട്ട് പ്രിന്റില്‍ നിന്ന് എന്റെ പേര് മങ്ങുന്നു. പക്ഷേ മനസിലും ശരീരത്തിലും ആത്മാവിലും ആ മങ്ങല്‍ ഇല്ല. എനിക്കു മുന്നോട്ടു പോയേ തീരൂ. നിങ്ങളുടെയെല്ലാം ആശംസകളും പ്രാര്‍ഥനകളും വേണം. ബൂട്ട് അഴിക്കും മുമ്പ് ഏറെ ദൂരം മുന്നോട്ട് പോകാനുണ്ട്. ഞാന്‍ ഒരിക്കലും തോറ്റുകൊടുക്കാന്‍ തയാറല്ല”- ശ്രീശാന്ത് കുറിച്ചു.
ഈ വര്‍ഷം ആദ്യമാണ് ശ്രീശാന്ത് വിലക്കിനു ശേഷം ക്രിക്കറ്റിലേക്ക് മടങ്ങി വന്നത്. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ കേരളത്തിനായി പുതുച്ചേരിക്കെതിരേയായിരുന്നു തിരിച്ചു വരവില്‍ ശ്രീയുടെ ആദ്യ മത്സരം. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് ശ്രീശാന്ത് കാഴ്ചവച്ചത്.
എന്നാല്‍ 2021 ഐ.പി.എല്‍. ലേലത്തില്‍ താരത്തെ സ്വന്തമാക്കാന്‍ ഒരു ടീമും തയാറായില്ല. 2013-ലാണ് ശ്രീശാന്ത് അവസാനമായി ഐ.പി.എല്‍. കളിച്ചത്. ഇന്ത്യയുടെ രണ്ടു ലോകകപ്പ് വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ശ്രീശാന്ത്.
https://www.facebook.com/sreesanth36/posts/369615074525303