റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിലെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ലെജന്‍ഡ്സിന് 10 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ലെജന്‍ഡ്സ് ഉയര്‍ത്തിയ 110 റണ്‍സ് വിജയലക്ഷ്യം 10.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ഇന്ത്യ മറികടക്കുകയായിരുന്നു. പഴയകാല പ്രകടനങ്ങളെ അനുസ്മരിപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത വീരേന്ദര്‍ സെവാഗ് ആണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. സെവാഗ് 80 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. സച്ചിന് തെന്‍ഡുല്‍ക്കര്‍ 33 റണ്‍സ് നേടിയും ക്രീസില്‍ തുടര്‍ന്നു.
ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടി പഴമയെ ഓര്‍മിപ്പിച്ച സെവാഗ് ആ ഓവറില്‍ 19 റണ്‍സാണ് അടിച്ചുകൂട്ടിയത്. ആക്രമണത്തിന്റെ മൂര്‍ച്ച ഒട്ടും കുറയ്ക്കാതെ മുന്നേറിയ വീരു 20 പന്തുകളില്‍ ഫിഫ്റ്റി തികച്ചു. മറുവശത്ത് ചില മികച്ച ഷോട്ടുകളിലൂടെ ഇടക്കിടെ ബൗണ്ടറികള്‍ കണ്ടെത്തിയ സച്ചിന് സെവാഗിന് ഒത്ത പങ്കാളിയായി. 35 പന്തുകളില്‍ 10 ഫോറും അഞ്ച് സിക്സും സഹിതം 80 റണ്‍സെടുത്ത സെവാഗ് അക്ഷരാര്‍ത്ഥത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്തുകളയുകയായിരുന്നു. സച്ചിന് 26 പന്തുകളില്‍ 5 ബൗണ്ടറി അടക്കമാണ് 33 റണ്‍സ് നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19.4 ഓവറില്‍ 109 റണ്‍സ് എടുക്കുന്നതിനിടെ ഓള്‍ഔട്ടാവുകയായിരുന്നു. ഓപ്പണര്‍മാരിലൂടെ ലഭിച്ച മികച്ച തുടക്കം അവര്‍ക്ക് മുതലെടുക്കാനായില്ല. ഇന്ത്യക്കായി പ്രഗ്യാന്‍ ഓജ, യുവരാജ് സിംഗ്, വിനയ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.