മാന്ത്രിക വിരലുകള്‍ കൊണ്ട് ക്രിക്കറ്റ് മൈതാനത്ത് സിംഫണി തീര്‍ത്ത ലെഗ് സ്പിന്നര്‍ ഷെയ്ന് വോണ്‍ വിടപറഞ്ഞതിന്റെ വേദനയിലാണ് ക്രിക്കറ്റ് ലോകം. കമന്റേറ്ററായും, മെന്ററായും വിമര്‍ശകനായും കളത്തിന് പുറത്ത് നിറഞ്ഞുനിന്ന കാലത്തെ വിയോഗം, സച്ചിന് തെന്‍ഡുല്‍ക്കര്‍ പറഞ്ഞതു പോലെ ലോകത്തെ ഞെട്ടിച്ചു കളഞ്ഞു. വോണിന്റെ സംസ്കാരം പൂര്‍ണ ബഹുമതികളോടെ ആയിരിക്കുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി അറിയിച്ചു.
ഷെയ്ന് വോണ്‍ അതിമാനുഷികനായത് ഈ ഒരൊറ്റ പന്തുകൊണ്ടാണ്. നൂറ്റാണ്ടിന്റെ പന്തെന്ന് ലോകം ഓമനപ്പേരിട്ടു വിളിച്ച ആഷസ് അരങ്ങേറ്റത്തിലെ ആദ്യ പന്ത്. ഏഴ് ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളുടെ മാത്രം പരിചയസമ്പത്തുമായി 23ാം വയസില്‍ ഇന്ത്യയ്ക്കെതിരെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഷെയ്ന് വോണ്‍ ആദ്യ മല്‍സരത്തില്‍ വഴങ്ങിയത് 228 റണ്‍സ്. നേടിയത് ഒരേയൊരു വിക്കറ്റ്. പിന്നാലെ ടീമിന് പുറത്ത്.
ലങ്കന്‍ പര്യടനത്തിലെ കൊളംബോ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ ഒരു റണ്‍ പോലും വഴങ്ങാതെ അവസാന മൂന്നുവിക്കറ്റ് വീഴ്ത്തിയ പ്രകടനം ഓസ്ട്രേലിയയ്ക്ക് അവിശ്വസനീയ ജയമൊരുക്കി. 1993ല്‍ ഓള്‍ഡ് ട്രാഫോഡില്‍ ആഷസ് അരങ്ങേറ്റത്തിലായിരുന്നു മൈക് ഗാറ്റിങ്ങിന്റെ വിക്കറ്റെടുത്ത ‘നൂറ്റാണ്ടിലെ പന്ത്. എട്ടുവിക്കറ്റു നേടിയ ഷെയ്ന് വോണ്‍ മാന്‍ ഓഫ് ദി മാച്ചായി. ആ ജൈത്രയാത്ര അവസാനിച്ചത് 708 വിക്കറ്റുമായി. 700 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ക്രിക്കറ്റ് താരം.
നമ്മള് ശ്വാസമടക്കി കണ്ടിരുന്ന എക്കാലത്തെയും വലിയ ക്രിക്കറ്റ് പോരിന്റെ ഇങ്ങേത്തലയ്ക്കല്‍ ദൈവത്തിനെതിരെ പന്തെറിഞ്ഞത് ഷെയിന്‍ വോണായിരുന്നു. ലോകക്രിക്കറ്റിലെ വമ്പന്മാരെയെല്ലാം കറക്കി വീഴ്ത്തിയ ഷെയ്ന് വോണിന്റെ തന്ത്രങ്ങള്‍ പാളിയത് സച്ചിന് മുന്നില്‍ മാത്രം. ടെസ്റ്റ് കരിയറില്‍ ഒരു സെഞ്ചുറി പോലുമില്ലാതെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും ഷെയന്‍ വോണാണ്. ഉയര്‍ന്ന സ്കോര്‍ 99. 1999 ലോകകപ്പ് ഫൈനലില്‍ 33 റണ്‍സ് വഴങ്ങി വോണ്‍ നാലുവിക്കറ്റ് വീഴ്ത്തിയപ്പോള്‍, പേസര്‍മാരുടെ നാട് ഒരു സ്പിന്‍ ബോളറുെട മികവില്‍ ആദ്യമായി ലോകകിരീടമുയര്‍ത്തി.
ടെസ്റ്റിലും ഏകദിനത്തിലും മാത്രമല്ല ട്വന്റി 20യിലും മികവ് തുടര്‍ന്നു വോണ്‍. പ്രഥമ ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെ കിരീടത്തിലേയ്ക്ക് നയിച്ചത് കുട്ടിക്രിക്കറ്റിലെ മഹാദ്ഭുദമായി.