ഹാങ്ചോ: ക്രിക്കറ്റില്‍ ഇന്ത്യയോട് പൊരുതിത്തോറ്റ് നേപ്പാള്‍. 20 ഓവറില്‍ ഇന്ത്യ മുന്നോട്ടുവെച്ച 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നേപ്പാളിന് ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
23 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. മംഗോളിയക്കെതിരെ 10 പന്തില്‍ 52 റണ്‍സടിച്ച് ലോകറെക്കോഡിട്ട ദീപേന്ദ്ര സിങ് ഐരീ ഇത്തവണ 15 പന്തില്‍ 32 റണ്‍സടിച്ച് നേപ്പാളിന്റെ ടോപ് സ്കോററായി.
സുദീപ് ജോറ 12 പന്തിലും മംഗോളിയക്കെതിരെ 50 പന്തില്‍ 137 റണ്‍സടിച്ച കുശാല്‍ മല്ല 22 പന്തിലും 29 റണ്‍സ് വീതമെടുത്തു. ഓപണര്‍ കുശാല്‍ ബുര്തേല് 28 റണ്‍സ് നേടി. ഇന്ത്യക്കായി രവി ബിഷ്ണോയ്, ആവേശ് ഖാൻ എന്നിവര്‍ മൂന്ന് വീതവും അര്‍ഷ്ദീപ് സിങ് രണ്ടും വിക്കറ്റെടുത്തപ്പോള്‍ സായ് കിഷോറിന് ഒരു വിക്കറ്റ് ലഭിച്ചു.
നേരത്തെ ഓപണര്‍ യശസ്വി ജെയ്സ്വാളിന്റെ തകര്‍പ്പൻ സെഞ്ച്വറിയാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ജെയ്സ്വാള്‍ 49 പന്തില്‍ ഏഴ് സിക്സും എട്ട് ഫോറുമടക്കം 100 റണ്‍സടിച്ചപ്പോള്‍ അവസാന ഓവറുകളില്‍ റിങ്കു സിങ്ങും തകര്‍ത്തടിച്ചു. 15 പന്തില്‍ നാല് സിക്സും രണ്ട് ഫോറുമടക്കം പുറത്താകാതെ 37 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ശിവം ദുബെ 19 പന്തില്‍ 25 റണ്‍സുമായി പുറത്താവാതെ നിന്നു.
ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക് വാദ് (23 പന്തില്‍ 25), തിലക് വര്‍മ (10 പന്തില്‍ 2), ജിതേഷ് ശര്‍മ (നാല് പന്തില്‍ 5) എന്നിങ്ങനെയാണ് മറ്റു ഇന്ത്യൻ ബാറ്റര്‍മാരുടെ സംഭാവന. അവസാന ഓവറുകളില്‍ റിങ്കു സിങ്ങും ദുബെയും നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയെ 200 കടത്തിയത്. ദിപേന്ദ്ര സിങ് ഐരീ രണ്ട് വിക്കറ്റ് നേടി. സോംപാല്‍ കാമി, സന്ദീപ് ലമിച്ചെൻ എന്നിവര്‍ ഓരോ വിക്കറ്റും നേടി.