സണ്‍റൈസേഴ്സ് ഹൈദരാബാദ് ഏഴുറണ്‍സിന് ചെന്നൈ സൂപ്പര്‍ കിങ്സിനെ തോല്പിച്ചു. 165 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈ ഇന്നിങ്സ്, അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സില്‍ അവസാനിച്ചു. ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും തിളങ്ങിയ ഇന്ത്യന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗാണ് കളിയിലെ താരം. വാര്‍ണറും വില്യംസനും ബെയര്‍സ്റ്റോയും പരാജയപ്പെട്ടപ്പോള്‍ 19 വയസുകാരന് പ്രിയം ഗാര്‍ഗും 18 കാരന് അബ്ദുല്‍ സമദും 20കാരന് അഭിഷേക് ശര്‍മയും ഓറഞ്ച് പടയുടെ രക്ഷകരായി.
ആറുവര്‍ഷത്തിന് ശേഷമാണ് ചെന്നൈ തുടര്‍ച്ചയായി മൂന്നുമല്‍സരങ്ങള്‍ പരാജയപ്പെടുന്നത്. 69 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഹൈദരാബാദിന് നഷ്ടമായത് നാലുവിക്കറ്റുകള്‍. അഞ്ചാം വിക്കറ്റില്‍ പ്രിയം ഗാര്‍ഗും അഭിഷേക് ശര്‍മയും കൂട്ടിച്ചേര്‍ത്തത് വിലപ്പെട്ട 77 റണ്‍സ്. 25 പന്തില്‍ നിന്ന് ഗാര്ഗിന് കന്നി ഐപിഎല്‍ അര്‍ധസെഞ്ചുറി. മടങ്ങിവരവില്‍ ചെന്നൈയുടെ കരുത്താകുമെന്ന് പ്രതീക്ഷിച്ച അമ്പട്ടി റായിഡു എട്ടുറണ്‍സെടുത്ത് നിരാശപ്പെടുത്തി. ചെന്നൈ ക്യാച്ചുകള്‍ കൈവിട്ട് ഫീല്‍ഡില്‍ പാരജയമായപ്പോള് ഹൈദരാബാദ് താരങ്ങള്‍ കൃത്യതതയോടെ കളം നിറഞ്ഞു.
ഒരറ്റത്ത് റണ്‍സ് വഴങ്ങാതെ റാഷിദ് ഖാന് പിടിമുറുക്കി. മറുവശത്ത് ഭുവനേശ്വര്‍ കുമാറും, നടരാജനും, അബ്ദുല്‍ സമദും വിക്കറ്റുകള്‍ വീഴ്ത്തി. അര്‍ധസെഞ്ചുറി നേടി ജഡേജയും 47 റണ്‍സുമായി ധോണിയും അഞ്ചാം വിക്കറ്റില്‍ പൊരുതിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. 19ാം ഓവറിനിടെ ഭുവനേശ്വര്‍ കുമാര്‍ പരുക്കേറ്റ് പുറത്തേയ്ക്ക്. അവസാന ഓവറില്‍ ജയിക്കാന്‍ 23 റണ്‍സ് വേണ്ടപ്പോള്‍ ധോണിക്കെതിരെ വാര്‍ണര്‍ പന്തേല്‍പിച്ചത് 18കാരന് അബദ്ുല്‍ സമദിനെ. ഏഴുറണ്‍സ് അകലെ സമദ് ചെന്നൈയെ പിടിച്ചുകെട്ടി.