ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ഓസ്ട്രേലിയയില്‍ വെച്ച് ആരാധകനുമായി ഇടപഴകിയ സംഭവത്തില്‍ വിശദീകരണവുമായി ബിസിസിഐ. താരങ്ങള്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചിട്ടില്ലെന്നും നിബന്ധനകളൊക്കെ അവര്‍ പാലിച്ചിരുന്നു എന്നുമാണ് ബിസിസിഐയുടെ വിശദീകരണം.
”താരങ്ങള്‍ ഭക്ഷണം കഴിക്കാനായി പുറത്തേക്ക് പോയതാണ്. അവര്‍ മാനദണ്ഡങ്ങളൊക്കെ പാലിച്ചിരുന്നു. താപനില പരിശോധിക്കുകയും ടേബിളില്‍ ഇരിക്കുന്നതിനു മുന്‍പ് സാനിറ്റൈസ് ചെയ്യുകയും ചെയ്തു. ഇതൊരു വലിയ പ്രശ്നമാക്കേണ്ട കാര്യമില്ല. ആരാധകന് പന്തിനെ ആലിംഗനം ചെയ്ത സംഭവത്തില്‍, അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ആ ആരാധകന് തന്നെ പറഞ്ഞല്ലോ.”- ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങളെയും പ്രത്യേകം ഐസൊലേറ്റ് ചെയ്യും. മൂന്നാം ടെസ്റ്റിനു മുന്നോടിയായുള്ള പരിശീലനത്തില്‍ ഇവര്‍ മറ്റ് ടീം അംഗങ്ങള്‍ക്കൊപ്പം ഉണ്ടാവില്ല. ഈ അഞ്ച് താരങ്ങളും പ്രത്യേകമായാവും പരിശീലനത്തില്‍ ഏര്‍പ്പെടുക. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഇക്കാര്യം അറിയിച്ചത്.
രോഹിത് ശര്‍മ്മ, ശുഭ്മന്‍ ഗില്‍, ഋഷഭ് പന്ത്, നവദീപ് സെയ്നി, പൃഥ്വി ഷാ എന്നീ താരങ്ങളാണ് വിവാദത്തിലായിരിക്കുന്നത്. മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ ഇടം ഉറപ്പിച്ച രോഹിത്, ഗില്‍, പന്ത് എന്നിവര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടത് ഇന്ത്യന്‍ ടീമിനു കനത്ത തിരിച്ചടിയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയെങ്കില്‍ ഇവര്‍ക്ക് അടുത്ത മത്സരത്തില്‍ കളിക്കാനാവില്ല. വീണ്ടും ക്വാറന്റീനില്‍ ഇരുന്ന് കൊവിഡ് നെഗറ്റീവായാലേ ബയോ ബബിളില്‍ പ്രവേശിക്കാനാവൂ.