മൂവാറ്റുപുഴ: റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ പാടം നികത്തുന്നതായി പരാതി. പായിപ്ര പഞ്ചായത്ത് 14-ാം വാര്‍ഡില്‍ കുരുട്ടുകാവില്‍ പാടശേഖരമാണ് റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ റവന്യൂ ഉദ്ദ്യോഗസ്ഥരുടെ ഒത്താശ്ശയില് ഭൂമാഫിയ നികത്തുന്നത്. ഇവിടെ നിര്‍മിക്കുന്ന അങ്കണവാടിയിലേക്ക് പാടിത്തിലൂടെ നിര്‍മിക്കുന്ന ലബ്ബ കോളനി-അങ്കണവാടി റോഡ് നിര്‍മ്മാണത്തിന്റെ മറവിലാണ് കുരുട്ടുകാവില്‍ പാടശേഖരവും നികത്തുന്നത്.
റോഡ് നിര്‍മ്മാണത്തിന്റെ മറവിലെത്തുന്ന ലോഡ് കണക്കിന് മണ്ണാണ് പാടശേഖരത്തും നിക്ഷേപിക്കുന്നത്. മൂന്ന് പൂ കൃഷി ചെയ്യുന്ന കുരുട്ടുകാവില്‍ പാടശേഖരം കടുത്ത വേനലിലും ജലസമൃദ്ധമാണ്. ഈ പാടശേഖരം മണ്ണിട്ട് നികത്തുന്നതോടെ പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും കാരണമാകും. 500-ഓളം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന കുടിവെള്ള പദ്ധതിയുടെ കിണര്‍ നിര്‍മ്മാണ ഘട്ടത്തിലിരിക്കുമ്പോഴാണ് വ്യാപകമായ പാടം നികത്തല്‍ ആരംഭിച്ചിരിക്കുന്നത്. ഈ പാടശേഖരം മണ്ണിട്ട് നികത്തി കഴിഞ്ഞാല്‍ പഞ്ചായത്തിലെ 14, 15 വാര്‍ഡുകളിലും, നഗരസഭയുടെ സമീപവാര്‍ഡുകളും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് കാരണമാകും. നാട്ടുകാര്‍ പോലീസിനോടും , റവന്യു അധികാരികളോടും പരാതി പറഞ്ഞിട്ടും നിലംനികത്തല്‍ നിര്‍ബാധം തുടരുകയാണ്. ഇതിനിടെ കുരുട്ടുകാവില്‍ പാടം നികത്തുന്നതിനെതിരെ പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീപ്പിള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി.