തിരുവനന്തപുരം: കത്വയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടത്തിയ അപ്രഖ്യാപിത ഹര്‍ത്താലിന്റെ മുഖ്യ സൂത്രധാരന്‍ അടക്കം അഞ്ച് പേരെ മഞ്ചേരി പൊലീസ് പിടികൂടി. മുന്‍ ആര്.എസ്.എസ് പ്രവര്‍ത്തകനായ കൊല്ലം ഉഴകുന്ന് അമര്‍നാഥ്..? ബൈജുവാണ് കേസിലെ മുഖ്യസൂത്രധാരന്‍, ഇയാളെ കൂടാതെ വാട്സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ച തിരുവനന്തപുരം ജില്ലയിലെ കുന്നപ്പുഴ ആറാംമടം എം.ജെ സിറില്‍, നെയ്യാറ്റിന്‍കര വഴുതൂര്‍ ഗോകുല്‍ ശേഖര്‍, നെല്ലിവിള വെങ്ങാനൂര്‍ അഖില്‍, നെല്ലിവിള വെങ്ങാനൂര്‍ സുധീഷ് എന്നിവരാണ് പിടിയിലായത്.
മുന്‍ ആര്.എസ്.എസ് പ്രവര്‍ത്തകനായ അമര്‍നാഥ് സംഘടനയില്‍ നിന്നും വിട്ടശേഷം സോഷ്യല്‍ മീഡിയയില്‍ ആര്.എസ്.എസ് ആശയങ്ങളുടെ കടുത്ത വിമര്‍ശകനാണ്. കത്വ സംഭവത്തില്‍ ആര്.എസ്.എസിനെ വെട്ടിലാക്കാനാണ് ഹര്‍ത്താല്‍ അഹ്വാനം ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം. ഇതിന് പിന്നില്‍ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നും കണ്ടുപിടിക്കാനായിട്ടില്ല. ജസ്റ്റിസ് ഫോര്‍ സിസ്റ്റേഴ്സ്, വോയ്സ് ഒഫ് യൂത്ത് എന്നീ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയായിരുന്നു സന്ദേശം പ്രചരിച്ചത്. ഹര്‍ത്താലിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയതെന്നും അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.