ന്യൂഡല്‍ഹി: കേരളത്തില്‍ നവമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത് നടപ്പാക്കിയ ഹര്‍ത്താലില്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. വി.മുരളീധരന് എംപി ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നവമാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും അതിന്റെ പേരില്‍ അക്രമണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത കേസില്‍ 1595 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.385 ക്രിമിനല്‍കേസുകളും രജിസ്റ്റര്‍ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നവമാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍ ഇടപെടുന്നതിന് കേരളസര്‍ക്കാരിന് പരിമിതികളുണ്ടെന്നും കേന്ദ്രസര്‍ക്കാരാണ് ഇതില്‍ ഇടപെടേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ 16കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഇയാള്‍. മലപ്പുറത്ത് മാത്രം 500ളം പേരുമാണ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. സംഭവത്തിന് സംഘപരിവാര്‍ സംഘടനകളില്‍ നിന്ന് പുറത്ത് പോയ ചിലരാണെന്ന് കേരളാ പൊലീസ് പിന്നീട് കണ്ടെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.