ട്വിറ്ററില്‍ പരിഷ്കാരങ്ങളുമായി ഇലോണ്‍ മസ്ക്. യൂസര്‍ വെരിഫിക്കേഷന് നടപടികളിലാണ് മസ്ക് മാറ്റം വരുത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും സ്വാധീനമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നായ ട്വിറ്ററിന്റെ വെരിഫൈഡ് യുസര്‍ ആണെന്നുള്ളതിന്റെ അടയാളമായ ബ്ലൂ ടിക്കിന് ഇനി മുതല്‍ ട്വിറ്റര്‍ ചാര്‍ജ് ഈടാക്കും. ഇന്നലെയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ മസ്ക് ട്വീറ്റ് ചെയ്തത്.
ട്വിറ്റര്‍ അതിന്റെ അക്കൗണ്ട് ഉടമയുടെ ആധികാര്യത പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം നല്‍കുന്നതാണ് നീല നിറത്തിലുള്ള ശരിയുടെ അടയാളം. ഈ ബ്ലൂ ടിക്കിന് ഇനി മുതല്‍ പ്രതിമാസം ട്വിറ്റര്‍ പണം ഈടാക്കും എന്നാണ് പുതിയ അറിയിപ്പ്. റിപ്പോര്‍ട്ട് അനുസരിച്ച്, ഉപയോക്താക്കള്‍ പ്രതിമാസം 4.99 ഡോളര്‍ അതായത് 1648 രൂപയോളം നല്കി ബ്ലൂ ടിക്ക് സബ്സ്ക്രൈബ് ചെയ്യേണ്ടതായി വരും. പണം നല്കി സബ്സ്ക്രൈബ് ചെയ്തില്ലെങ്കില്‍ ഉപയോക്താക്കളുടെ അക്കൗണ്ടില്‍ ഇനി മുതല്‍ ബ്ലൂ ടിക്ക് കാണാന്‍ സാധിക്കുകയില്ല.
പ്രതിമാസ സബ്സ്ക്രിപ്ഷന് അടിസ്ഥാനത്തില്‍ ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചര്‍ ഉള്‍പ്പെടെ ട്വിറ്റര്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിനായും ഈ ബ്ലൂ ടിക്ക് ആവശ്യം ഉണ്ട്. ഉപയോക്താക്കള്‍ക്കായി പണമടച്ചുള്ള സബ്സ്ക്രിപ്ഷന് ആവശ്യമാണെന്നുള്ള അറിയിപ്പ് ഉടന്‍ തന്നെ ട്വിറ്റര്‍ നല്‍കിയേക്കും. നവംബര്‍ 7 നകം പ്രതിമാസ സബ്സ്ക്രിപ്ഷന് പായ്ക്ക് പുറത്തിറക്കാന്‍ മസ്ക് ജീവനക്കാരോട് ആവശ്യപ്പെട്ടതായി ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ആഴ്ചയാണ് ശതകോടീശ്വരന്‍ ട്വിറ്റര്‍ ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയത്. ട്വിറ്ററില്‍ ബോട്ടുകളുടെ വ്യാപനം കുറയ്ക്കുന്നതിനുള്ള ഒരു സംവിധാനവും അദ്ദേഹം ഉടന്‍ അവതരിപ്പിച്ചേക്കും. കൂടാതെ കമ്പനിയുടെ മൊത്തത്തിലുള്ള വരുമാനത്തിന്റെ പകുതിയും സബ്സ്ക്രിപ്ഷനിലൂടെ ഉണ്ടാക്കാന്‍ ആണ് മസ്കിന്റെ പുതിയ പദ്ധതി.