കമ്പനിയുടെ ഔദ്യോഗിക പേരില്‍ മാറ്റം വരുത്തി ഫേസ്ബുക്ക്. മെറ്റ എന്നായിരിക്കും കമ്പനി ഇനി അറിയപ്പെടുകയെന്ന് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ് അറിയിച്ചു. അതേസമയം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ് എന്നീ പ്ലാറ്റ്ഫോമുകള് നിലവിലുള്ള പേരുകളില്‍ തന്നെ ആയിരിക്കുമെന്നും കമ്പനി അറിയിച്ചു.
ഫേസ്ബുക്ക് കണക്റ്റഡ് ഓഗ്മെന്റഡ് ആന്റ് വിര്‍ച്വല്‍ റിയാലിറ്റി കോണ്‍ഫറന്‍സിലാണ് സുക്കര്‍ബര്‍ഗ് ഇക്കാര്യമറിയിച്ചത്. മെറ്റ എന്ന ഗ്രീക്ക് വാക്കിനര്‍ത്ഥം പരിമിതികള്‍ക്കപ്പുറം എന്നാണ്.
കമ്പനിയുടെ ബ്രാന്‍ഡിന്റെ പേര് ഉല്‍പ്പന്നവുമായി ബന്ധപ്പെട്ടിരിക്കുന്നത് ഫെയ്സ്ബുക്ക് ചെയ്യുന്ന എല്ലാ കാര്യങ്ങളെയും പ്രതിനിധീകരിക്കുന്നത് നിലവിലും ഭാവിയിലും ഗുണം ചെയ്യില്ലെന്നാണ് ഫെയ്സ്ബുക്കിന്റെ വിലയിരുത്തല്‍. മാര്‍ക്കറ്റ് പവര്‍, അല്‍ഗരിതം തീരുമാനങ്ങള്‍, പ്ലാറ്റ്ഫോമിലെ ദുരുപയോഗങ്ങള്‍ കാരണമുണ്ടാകുന്ന നിയമ നടപടികളെല്ലാം നേരിട്ട് മാതൃ സ്ഥാപനത്തെ ബാധിക്കുന്നു. ഇത് തടയാനാണ് കോര്‍പ്പറേറ്റ് ഭീമന്മാരുടെ സുപ്രധാന നീക്കം.
മാറ്റം വ്യത്യസ്ത ആപ്പുകളെയും സാങ്കേതിക വിദ്യകളെയും പുതിയ ബ്രാന്‍ഡിന് കീഴില്‍ കൊണ്ടു വരും. കോര്‍പ്പറേറ്റ് ഘടനയില്‍ മാറ്റം വരുന്നില്ലെന്നും ഫെയ്സ്ബുക്ക് സ്ഥാപകനും സി.ഇ.ഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു.
തംബ് അപ് ലോഗോയ്ക്ക് പകരം, നീല ഇന്‍ഫിനിറ്റി രൂപത്തിനരികെ മെറ്റ എന്നെഴുതിയതാണ് കമ്പനിയുടെ പുതിയ ലോഗോ. വ്യത്യസ്ത ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് എത്തിപ്പെടല്‍ സാധ്യമാകുന്നതും പങ്കുവെക്കാവുന്നതുമായ വെര്‍ച്വല്‍ പരിസ്ഥിതി എന്ന ആശയത്തെയാണ് പുതിയ പേര് പ്രതിനിധീകരിക്കുന്നത്.