മലപ്പുറം:സോഷ്യല്‍ മീഡിയ ആഹ്വാന പ്രകാരം നടത്തിയ ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയതോടെ മലപ്പുറം ജില്ലയുടെ ചില ഭാഗങ്ങളില്‍നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേരളാ പൊലീസ് നിയമം 78,79 വകുപ്പ് പ്രകാരം മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയാണ്നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
കത്വ സംഭവത്തില്‍ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടാണ് സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അക്രമാസക്തമായി ജനങ്ങള്‍ സംഘടിക്കുന്നതും പൊതുസമ്മേളനങ്ങള്‍ പ്രകടനങ്ങള്‍ എന്നിവയും നിരോധിച്ചിട്ടുണ്ട്ഹര്ത്താലിന്റെ മറവില്‍ വ്യാപക അക്രമങ്ങളും പൗരാവകാശ ധ്വംസനങ്ങളും നടന്നതായി ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജില്ലയിലെ താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന് പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയ ഹര്‍ത്താലിനെ തള്ളി സിപിഎം നേരത്തെ രംഗത്ത് വന്നിരുന്നു. നവ മാധ്യമങ്ങളിലൂടെയുള്ള ഹര്‍ത്താല്‍ ആഹ്വാനങ്ങള്‍ നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.സംഘടനകളില്ലാത്ത സമരങ്ങള്‍ അംഗീകരിക്കാനാകില്ല . കത്വ സംഭവത്തില്‍ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണം. ഇതിനായി എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദേഹം പറഞ്ഞു. എന്നാല്‍, ഇത്തരം പ്രശ്നങ്ങളുടെ പേരില്‍ ചിലര്‍ വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നുണ്ടെന്നും കൊടിയേരി ആരോപിച്ചു.
അതേ സമയം സോഷ്യല്‍ മീഡിയ പ്രചരണങ്ങളെ തുടര്‍ന്ന് ജില്ലയില്‍ ഹര്‍ത്താലിന്റെ മറപറ്റി ഉണ്ടായ അക്രമസംഭവങ്ങളില്‍ കര്‍ശന നടപടിക്കൊരുങ്ങി പോലീസ്. നിരവധി പേരെയാണ് ഹര്‍ത്താലിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് പോലീസ് ഒരുങ്ങുന്നത്.
മലപ്പുറം ജില്ലയില്‍ പലയിടങ്ങളിലും ആള്‍കൂട്ടം സംഘടിച്ച് വന്ന് കടകളടപ്പിക്കുകയും വാഹനങ്ങള്‍ തടഞ്ഞിടുകയും ചെയ്തിരുന്നു. മരത്തടികളും ടയറുകളുമിട്ട് റോഡ് തടസ്സപെടുത്തി. സ്വകാര്യ ബസ്സുകളും കെ.എസ്.ആര്.ടി.സി ബസ്സുകളും അക്രമിക്കപ്പെടുകയുണ്ടായി. ഒരു സഘടനയുടേയും നേതൃത്വത്തിലല്ല പ്രതിഷേധം എന്നുള്ളതിനാല്‍ ആള്‍കൂട്ട അഴിഞ്ഞാട്ടമാണ് പലയിടത്തും നടന്നത്.നവമാധ്യമങ്ങളില്‍ ഹര്‍ത്താല്‍ പ്രചരണം നടത്തിയവര്‍ക്കെതിരെയും അന്വേഷണം നടത്തുന്നുണ്ട്. 150 പേരുടെ മൊബൈല്‍ വിവരങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.
മുസ്ലിം ലീഗും എല്‍.ഡി.എഫും ഹര്‍ത്താലിനെ തള്ളിപറഞ്ഞിട്ടുണ്ട്.