കൊച്ചി: സിപിഎമ്മിനോട് പടവെട്ടി പാര്‍ട്ടി വളര്‍ത്തിയ ടിഎച്ച് എന്ന ഒറ്റയാന് വിടപറയുമ്പോള്‍ ജില്ലയിലും പ്രത്യേകിച്ച് കുന്നത്തുനാട്ടിലും ടി.എച്ച് നടത്തിയ പോരാട്ടങ്ങളും പോര്‍വിളികളുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെ ഓര്‍ക്കുന്നതും പറയുന്നതും.
കൊടി തോരണങ്ങള്‍ കെട്ടാനും കെട്ടിയത് നിലനിര്‍ത്താനും പെടാപാട് പെട്ടിരുന്നു ഇവിടെ പ്രവര്‍ത്തകര്‍. കെട്ടാന്‍ കഴിഞ്ഞാല്‍ തന്നെ സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ മണിക്കൂറുകള്‍ക്കകം അവ നശിപ്പിക്കുമായിരുന്നുവത്രെ. ആകാലത്താണ് ടിഎച്ചിന്റെ കൊടികെട്ടലും ഭീക്ഷണിയും. ഇതിനിടെ തിരുവാണിയൂരില്‍ പണിത ഓഫീസും എതിര് പക്ഷം നശിപ്പിച്ചു. ഇതോടെ പട്ടാപകല്‍ സിപിഎമ്മിന്റെ ഓഫീസ് ലോറിക്ക് കെട്ടി വലിച്ചതും പുതുതലമുറ അറിയാത്ത കഥകള്‍.
യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അഡ്വ.എബിന് വര്‍ക്കിയുടെ വൈറലായ പോസ്റ്റിങ്ങനെ
ഈ ബോര്‍ഡ് ഞാനാണ് ഇവിടെ വച്ചിട്ട് പോകുന്നത്. ഇത് ഇവിടെ തന്നെ ഉണ്ടാകണം.
ഒരിക്കല്‍ ഒരു പരിപാടി ആയി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വെക്കുന്ന എല്ലാ ബോര്‍ഡും സി പി എം നശിപ്പിക്കുന്നു. വീണ്ടും വച്ചാല്‍ വീണ്ടും നശിപ്പിക്കുന്നു. വിവരം അറിഞ്ഞ ടി.എച് മുസ്തഫ കോലഞ്ചേരിയില്‍ വരുന്നു. ബോര്‍ഡുകള്‍ വെക്കുന്നു. എന്നിട്ട് നേരെ സി പി എം പാര്‍ട്ടി ഓഫീസിന്റെ താഴെ ചെന്ന് ഏരിയ സെക്രട്ടറിയെ നോക്കി പറഞ്ഞ വാക്കുകളാണ് ഇത്. ആ ബോര്‍ഡുകളില്‍ ആരും തൊട്ടില്ല. അതാണ് ടി.എച് മുസ്തഫ.
പറഞ്ഞത് മാത്രം ചെയ്തിട്ടുള്ള ചെയ്യുന്നത് മാത്രം പറയാറുള്ള ധീരനായ നേതാവ്. 25 കൊല്ലം കുന്നത്തുനാടിനെ നയിച്ച ജനകീയനായ ജനപ്രതിനിധി. ദൈവവിശ്വാസിയായ സെക്യൂലറിസ്റ്റ്. 14 കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് നേതൃത്വം നല്കിയ മികച്ച സംഘാടകന്‍. സര്‍വോപരി നിഷ്കളങ്കതയില്‍ ചാലിച്ച പൊതു പ്രവര്ത്തകന്. കെ കരുണാകരന്റെ സന്തത സഹചാരി.
ഏറെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ മണ്ണില്‍ ധീരമായിയാണ് ടി.എച് പാര്‍ട്ടിയെ നയിച്ചത്.
തിരുവാണിയൂര്‍ എന്ന പഞ്ചായത്ത് സി പി എമ്മിന്റെ വലിയ കോട്ട ആയിരുന്നു. അവിടെ പണ്ട് തിരഞ്ഞെടുപ്പിന് കെട്ടുന്ന താത്കാലിക ഓല മേഞ്ഞ ഇലക്ഷന് ഓഫീസ് പോലും കെട്ടാന്‍ കോണ്‍ഗ്രസുകാരെ അനുവദിക്കില്ലായിരുന്നു. കോണ്‍ഗ്രസ് ഓഫീസ് കെട്ടിയാല്‍ അപ്പൊ തന്നെ സി പി എം അത് കത്തിക്കും. തുടര്‍കഥയായ ഇതിന് ഒരു തീരുമാനം ഉണ്ടാക്കാന്‍ ടി.എച്ചും സഹപ്രവര്‍ത്തകരും തീരുമാനിച്ചു. ഒരു ലോറിയിലും കുറേ ജീപ്പിലുമായി ആളുകള്‍ കയറി. മുന്നിലത്തെ ജീപ്പില്‍ ടി.എച് കയറി. നേരെ തിരുവാണിയൂര്‍ ജംഗ്ഷനില്‍. ലോറിയില്‍ നിന്ന് ഒരു വടം കെട്ടി നേരെ സി പി എം ന്റെ ഓല മേഞ്ഞ ഓഫീസിലേക്ക്. പട്ടാപകല്‍ നേരത്ത് സി പി എം ന്റെ ഓല മേഞ്ഞ ഓഫീസ് തിരുവാണിയൂര്‍ ജംഗ്ഷനിലൂടെ ലോറിയില്‍ വലിച്ചു കൊണ്ട് പോയി. ആരും ചോദിക്കാന്‍ വന്നില്ല.. പറയാന്‍ വന്നില്ല.. പിന്നെ കോണ്‍ഗ്രസ് ഓഫീസില്‍ ആരും തൊട്ടിട്ടും ഇല്ല..
ടി.എച് എല്ലാവര്ക്കും ആവേശവും പ്രചോദനവും ആയിരുന്നു. കെ എസ് യു പ്രവര്‍ത്തകനായിരുന്ന കാലത്ത് തന്നെ അദ്ദേഹവും അദ്ദേഹത്തിന്റെ മകന് സക്കീര്‍ ഇക്കയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ കുന്നത്തുനാട്ടില്‍ സ്ഥാനാര്‍ത്തിയാക്കാന്‍ ക്രിസ്ത്യന്‍ തിരുമേനിമാര് പറയുന്നത് അഞ്ചു നേരം നിസ്കരിക്കുന്ന ടി.എച് മുസ്തഫയുടെ പേരായിരുന്നു. മതേതരത്വം കണ്ണിലെ കൃഷ്ണ മണി പോലെ കാത്തു സൂക്ഷിച്ചിരുന്നു. ഇന്ദിര ഗാന്ധിയോടും, കെ കരുണകാരനോടും ഉണ്ടായിരുന്നത് ഗുരുതുല്യ ബന്ധം. ആ ആശയത്തിന് വേണ്ടി പോരാടി അദ്ദേഹം.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം അദ്ദേഹം നടത്തി. ഇപ്പോഴത്തെ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം മേടിക്കുന്നത് അദ്ദേഹത്തിന്റെ കാലയളവിലാണ്. തന്റെ അഭിപ്രായം പറയാന്‍ ഒരു മടിയും അദ്ദേഹം കാണിച്ചിട്ടില്ല. അതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് ശാസനകള്‍ ഉണ്ടായപ്പോഴും തന്റെ നിലപാടുകളില്‍ അദ്ദേഹം ഉറച്ചു നിന്നു. രോഗവസ്ഥയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ചു കൊണ്ടാണ് ഇരുന്നത്. ഇന്ന് അദ്ദേഹം നിര്യാതനാകുമ്പോ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഒരു വലിയ ജനനേതാവിനെയാണ് നഷ്ടമാകുന്നത്. പ്രിയപ്പെട്ട ടി.എച് മുസ്തഫ എന്ന ജനനേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നു.