ഉപയോക്താക്കള്‍ കാത്തിരിക്കുന്ന പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്‍സ്റ്റഗ്രാം. ഇന്‍സ്റ്റ പോസ്റ്റുകളും റീലുകളും ഷെയര്‍ ചെയ്യാവുന്ന ഫീച്ചറാണ് പുതുതായി വരാനിരിക്കുന്നത്. ഇതോടൊപ്പം റീലുകളില്‍ നിന്ന് ‘ഗിഫ്റ്റ്’ എന്ന പേരില്‍ പണം നേടാനുള്ള പുതിയ ഫീച്ചറും വരുന്നുണ്ടെന്നാണ് അറിയുന്നത്. പൂര്‍ണ സജ്ജമായി പുറത്തിറക്കും മുന്‍പ് പുതിയ ഫീച്ചറുകള്‍ പരീക്ഷണഘട്ടത്തിലാണെന്ന് ടെക് പോര്‍ട്ടലായ ‘ടെക് ക്രഞ്ച്’ റിപ്പോര്‍ട്ട് ചെയ്തു.
പുതിയ അപ്ഡേറ്റുകള് വന്നാല്‍ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് പോസ്റ്റുകളും റീലുകളും വിഡിയോകളും ഷെയര്‍ ചെയ്യാനാകും. ട്വിറ്ററിലെ റീട്വീറ്റിനു സമാനമായിരിക്കും ഇത്. കണ്ടന്റ് നിര്‍മാതാക്കള്‍ക്ക് മതിയായ ക്രെഡിറ്റ് നല്കുന്ന തരത്തിലായിരിക്കും പുതിയ ഫീച്ചറുണ്ടാകുക. ഒറിജിനല്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് കൂടുതല്‍ റീച്ച് ലഭിക്കാന്‍ ഇത് സഹായിക്കും.
സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടന്റായ മാറ്റ് നവാരയാണ് പുതിയ ഫീച്ചറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആദ്യമായി പുറത്തുവിട്ടത്. റീപോസ്റ്റ്സ് എന്ന പേരിലുള്ള പുതിയ ടാബിന്റെ സ്ക്രീന്‍ഷോട്ട് മാറ്റ് പങ്കുവച്ചിരുന്നു.
മാറ്റ് തന്നെയാണ് റീല്‍ ക്രിയേറ്റര്‍മാര്‍ക്ക് നേരിട്ട് ഉപയോക്താക്കളില്‍നിന്ന് വരുമാനം സ്വന്തമാക്കാനുള്ള ‘ഗിഫ്റ്റ്’ ഫീച്ചറിനെക്കുറിച്ചുള്ള വിവരവും പങ്കുവച്ചത്. ബിസിനസ് ഇന്‍സൈഡറിനെ ഉദ്ധരിച്ചാണ മാറ്റിന്റെ പോസ്റ്റ്. ഇന്‍സ്റ്റ പോസ്റ്റുകള്‍ ഫേസ്ബുക്കിലേക്ക് ക്രോസ് പോസ്റ്റ് ചെയ്യാനുള്ള ഫീച്ചറും വരുന്നുണ്ടെന്നാണ് അറിയുന്നത്.