സ്നേഹത്തിന്റെയും പ്രത്യാശയുടേയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കും. യേശു ക്രിസ്തുവിന്റെ കുരിശുമരണത്തിന് ശേഷം മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേറ്റത്തിന്റെ ആഘോഷമായാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ പള്ളികളില്‍ ആരാധനയോട് കൂടിയാണ് ഈസ്റ്റര്‍ ആഘോഷം ആരംഭിക്കുന്നത്. സഹനത്തിന്റെയും പ്രത്യാശയുടെയും പ്രതീകമയാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്.
മനുഷ്യ രാശിക്ക് വേണ്ടി കുരിശില്‍ മരിച്ച യേശു ക്രിസ്തു മരിച്ചവര്‍ക്കിടയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ലോകത്തിന് രക്ഷ പ്രദാനം ചെയ്തുവെന്നാണ് വിശ്വാസം. 40 ദിവസത്തെ നോമ്പ് മുറിച്ച് വിരുന്നോട് കൂടി യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ ക്രൈസ്തവര്‍ ആഘോഷമാക്കുന്നു.
ഈസ്റ്ററും ഉയര്‍ത്തെഴുന്നേല്‍പ്പും:
പീഢനങ്ങള്‍ ഏറ്റ് കുരിശില്‍ ജീവന് വെടിഞ്ഞ യേശു ദേവന്റെ ശരീരം ഒരു കല്ലറയില്‍ അടക്കം ചെയ്തു. ഇതിന് ശേഷം മൂന്നാം നാള് യേശു ദേവന് ഉയര്‍ത്തെഴുന്നേറ്റു. ശേഷം സ്വര്‍ഗാരോഹണം ചെയ്തു. ഈസ്റ്ററിന് മുമ്പുള്ള ഏഴ് ദിവസങ്ങളും വിശ്വാസികള്‍ ഏറെ വിശുദ്ധമായാണ് കാണുന്നത്.
കേരളത്തിലെ വിവിധ ദേവാലയങ്ങളില്‍ ഉയിര്‍പ്പ് ശുശ്രൂഷകള്‍ നടന്നു. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലാണ് ഉയിര്‍പ്പ് ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചത്. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ബസേലിയോസ് ക്ലിമിസ് കത്തോലിക്ക ബാവ ഉയിര്‍പ്പ് ശുശ്രൂഷകള്‍ നടത്തി. കോതമംഗലം രൂപതയ്ക്ക് കീഴിലെ ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ ദേവാലയത്തില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പുലര്‍ച്ചെ 3 ന് ഉയിര്‍പ്പ് ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ഉയിര്‍പ്പ് തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. പുതുപ്പള്ളി നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഉയിര്‍പ്പ് പെരുന്നാളിന് ഓര്‍ത്തഡോക്സ് സഭ ഭദ്രാസന മെത്രാപ്പൊലീത്ത മാര്‍ ദിയസ്കോറസ് നേതൃത്വം നല്കി. മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോര് ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കൊച്ചി കരിങ്ങാച്ചിറ കത്തീഡ്രലില്‍ ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ നടത്തി.