അമൃത്സര്‍: ഹജ്ജ് കര്‍മ്മത്തിനായുളള തന്റെ കാല്‍നടയാത്ര രണ്ട് മൂന്ന് ദിവസത്തിനുളളില്‍ പുനഃരാരംഭിക്കുമെന്ന് ശിഹാബ് ചോറ്റൂര്‍. ഇപ്പോള്‍ പഞ്ചാബിലെ ആഫിയ സ്കൂളിലാണ് താനുളളത്. വിവരങ്ങള്‍ പങ്കുവെക്കരുതെന്ന് നിര്ദേശമുളളതിനാലാണ് ഇതുവരെ ഒന്നും പങ്കുവെക്കാതിരുന്നതെന്നും ശിഹാബ് പറഞ്ഞു.
പാക്കിസ്താന് ട്രാന്‍സിറ്റ് വിസക്ക് പകരം ടൂറിസ്റ്റ് വിസ അനുവദിച്ചത് ആണ് ശിഹാബിന്റെ യാത്ര വൈകാന്‍ കാരണമായത്. പാക്കിസ്താന് തനിക്ക് വിസ നിഷേധിച്ചിട്ടില്ല. കാറ്റഗറിയില്‍ വന്ന പ്രശ്നം മൂലമാണ് തടസ്സം നേരിട്ടതെന്ന് ശിഹാബ് നേരത്തെ വ്യക്തമാക്കിയിരുന്നു. ടൂറിസ്റ്റ് വിസയില്‍ പോയാല്‍ പാക്കിസ്താന് സന്ദര്‍ശിച്ച് മടങ്ങാം. എന്നാല്‍ തനിക്ക് വേണ്ടത് ഇറാനിലേക്ക് കടക്കാനുളള ട്രാന്‍സിറ്റ് വിസയാണ്. വാഗാ ബോര്‍ഡര്‍ വഴി പാക്കിസ്താനില്‍ കയറി ഇറാനിലെ തഫ്താന്‍ ബോര്‍ഡര്‍ വഴിയാണ് തനിക്ക് പ്രവേശിക്കേണ്ടതെന്നും ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഒരു രേഖ കൂടി വേണമെന്നും ശിഹാബ് പറയുന്നു.
തന്നെ കുറിച്ച് വ്യാജ വിവരങ്ങള്‍ നല്കുന്ന യൂട്യൂബേഴ്സിനോട് ഒന്നും പറയാനില്ലെന്നും ശിഹാബ് ചോറ്റൂര്‍ തന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.