ദില്ലി: രാജ്യം ഏറെ ആകാംഷയോടെ കാത്തിരുന്ന ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ ഏറെ പുരോഗമനപരം എന്ന് വിളിക്കാവുന്ന വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ച്. പ്രായവ്യത്യാസമില്ലാതെ ഇനി സ്ത്രീകള്‍ക്ക് അയ്യപ്പനെ ദര്‍ശിക്കാനായി മല ചവിട്ടാം.
ഭരണഘടനയ്ക്ക് മുകളിലല്ല ആചാരങ്ങള്‍ എന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതാണ് സുപ്രീം കോടതി വിധി. ഈ വിധി രാജ്യത്തെ എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകവുമാണ്. പുരുഷാധിപത്യ സമൂഹത്തിന്റെ മിഥ്യാബോധങ്ങള്ക്കേറ്റ അടിയായാണ് ശബരിമല വിധിയെ വിലയിരുത്തേണ്ടത്. സുപ്രീം കോടതി വിധിയിലെ നിര്‍ണായകമായ നിരീക്ഷണങ്ങള്‍ ഇവയാണ്: വിവേചനം പാടില്ല ശാരീരിക അവസ്ഥയുടെ പേരില്‍ വിവേചനം പാടില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വിവേചനത്തെ ഭരണഘടന അംഗീകരിക്കുന്നില്ല. അയ്യപ്പ ഭക്തന്മാര് പ്രത്യേക മതവിഭാഗമല്ല. സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് അവരെ തരംതാഴ്ത്തുന്നതിന് തുല്യമാണെന്നും സുപ്രീം കോടതി വിധയില്‍ വ്യക്തമാക്കി.
മനുഷ്യന്റെ ജൈവികവും മാനസികവുമായ ഘടകങ്ങള്‍ ഭരണഘടന ഉറപ്പ് നല്കുന്ന അവകാശങ്ങള്‍ നടപ്പിലാക്കാന്‍ തടസ്സമല്ല. ശബരിമല ക്ഷേത്രത്തിലെ നിലവിലുള്ള ആചാരങ്ങള്‍ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് എതിരാണ്. ഹൈന്ദവ സ്ത്രീകളുടെ ആരാധനാ അവകാശം നിരോധിക്കുകയാണ് ചെയ്യുന്നത്. പുരുഷന്മാരേക്കാള് വലുതോ ചെറുതോ അല്ല സ്ത്രീകള്‍. ഭരണഘടനയില്‍ അടിവരയിട്ട് പറയുന്ന തുല്യ അവകാശങ്ങള്‍ സ്ത്രീകള്‍ക്കും ലഭ്യമാകണം. ഭരണഘടനയ്ക്ക് അനുസരിച്ചുള്ള വ്യവസ്ഥകളേ അംഗീകരിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ചരിത്രപരമായ വിധിയില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
ഭരണഘടനയുടെ പാര്‍ട്ട് മൂന്നില്‍ അനുശാസിക്കുന്ന മൗലികാവകാശങ്ങള്‍ സമൂഹത്തിന്റെ പരിവര്‍ത്തനത്തിന് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീപ്രവേശനം വിലക്കുന്നത് ഭരണഘടനയുടെ 21ാം വകുപ്പിന്റെ ലംഘനം കൂടിയാണ്. എട്ട് മാസത്തെ ദീര്‍ഘമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ശബരിമല കേസില്‍ സുപ്രീം കോടതി നിര്‍ണായകമായ വിധി പ്രസ്താവം നടത്തിയിരിക്കുന്നത്.
അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസ് നരിമാന് പ്രത്യേക വിധിപ്രസ്താവം നടത്തുകയുണ്ടായി. എന്നാല്‍ വിധിയോട് യോജിച്ച് കൊണ്ടാണ് നരിമാന് നിലപാടെടുത്തത്. അയ്യപ്പന്റെ മുന്നില്‍ ഏത് പ്രായത്തിലുളള സ്ത്രീകളും ഒരുപോലെയാണ്. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ വേര്‍തിരിക്കുന്നത് ശരിയല്ലെന്നും 41 ദിവസത്തെ വ്രതമെടുക്കാന്‍ സാധിക്കില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്നും ജ. നരിമാന് വ്യക്തമാക്കി. സ്ത്രീകളെ തരംതാഴ്ത്തുന്ന വിശ്വാസങ്ങള്‍ക്ക് അംഗീകാരം നല്കാന് കോടതിക്ക് സാധിക്കില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. എല്ലാ മതങ്ങള്‍ക്കും മതനിയമങ്ങള്‍ വെച്ച് പുലര്‍ത്താനുള്ള അധികാരമുണ്ട്. എന്നാല്‍ രാജ്യത്തെ ഭരണഘടനയോട് യോജിച്ച് പോകുന്നതായിരിക്കണം ഏത് തരത്തിലുള്ള മതനിയമങ്ങളും എന്നും ജ. ചന്ദ്രചൂഡ് നിരീക്ഷിച്ചു.
വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലന്ന് സുപ്രീം കോടതിയുടെ ചരിത്ര വിധി.