തൃശൂര്‍: ഇസ്ലാമിസ്റ്റ് ചിന്താഗതിക്കാരനായ കെടി ജലീലിനെ ഇടതുമുന്നണി സംരക്ഷിക്കുന്നുവെന്ന് സിറോ മലബാര്‍ സഭയ്ക്ക് കീഴിലുളള ഇരിങ്ങാലക്കുട രൂപതയുടെ മുഖപത്രമായ ‘കേരളസഭ’. ജലീല്‍ ക്രൈസ്തവ വിരോധിയും തീവ്രവാദ വേരുകളുളളയാളുമാണെന്നാണ് പത്രം പറയുന്നത്.. എംഎല്‍എക്കെതിരെ തീവ്രവാദ ആരോപണവുമായിട്ടാണ് കേരളസഭയുടെ ഏപ്രില്‍ ലക്കം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എല്‍ഡിഎഫിലും യുഡിഎഫിലും ജലീലിനെ പോലുളള തീവ്ര ചിന്താഗതിക്കാര്‍ നുഴഞ്ഞുകയറിയെന്നും പത്രം പറയുന്നു.
കേരളത്തില്‍ ക്രൈസ്തവര്‍ സുരക്ഷിതരല്ലെന്നും ഇരിങ്ങാലക്കുട രൂപതയുടെ മുഖപത്രത്തില്‍ പറയുന്നു. ‘കാണുന്നുണ്ട് കേരളം, ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ കക്കുകളി, തീവ്ര ഇസ്ലാമിക കൂട്ടുകെട്ട്’ എന്ന തലക്കെട്ടിലാണ് ലേഖനം എഴുതിയിരിക്കുന്നത്. തലശ്ശേരി രൂപത ആര്‍ച്ച് ബിഷപ്പ് പാംപ്ലാനിക്കെതിരെ വധഭീഷണി മുഴക്കിയ ജലീലിനെ അറസ്റ്റ് ചെയ്യണം. പിഴയും ഏഴുവര്‍ഷം തടവും കിട്ടാവുന്ന കുറ്റത്തിന് കേസെടുക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നുണ്ട്.
കര്‍ഷകരുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയ ശേഷം അവരെ വഞ്ചിക്കുന്ന ഇടത്-വലത് മുന്നണികള്‍ക്കെതിരെയാണ് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് പാംപ്ലാനി പറഞ്ഞത്. എന്നാല്‍ ബിഷപ്പിന്റെ പരാമര്‍ശത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും, എം എ ബേബിയും ദുര്‍വ്യാഖ്യാനം ചെയ്തെന്നും ഇരിങ്ങാലക്കുട രൂപത കുറ്റപ്പെടുത്തി.