മൂവാറ്റുപുഴ: വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കുഴികണ്ണിയിലിന്റെ (64) സംസ്കാരം ഇന്ന് നടക്കും. പള്ളിക്ക് സമീപമുള്ള കെട്ടിടത്തില്‍ ഇന്നലെ പുലര്‍ച്ചെയാണ് അച്ചനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിയില്‍ നിന്നു വിവരമറിഞ്ഞെത്തിയ വിശ്വാസികള്‍ ഉടന്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അസുഖ ബാധിതനായിരുന്നു അച്ചനെന്ന് വിവരമാണ് പള്ളി അധികൃതര്‍ പങ്കുവച്ചത്.
മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മൃതസംസ്കാര ശുശ്രൂഷയുടെ വീട്ടിലെ ചടങ്ങുകള്‍ ഇന്ന് രാവിലെ 8.30 ന് ആരംഭിക്കുന്നതാണ്. പള്ളിയിലെ ശുശ്രൂഷകള്‍ രാവിലെ 11 ന് മീങ്കുന്നം സെന്റ് ജോസഫ് ദേവാലയത്തില്‍ നടക്കും.
മീങ്കുന്നം ഇടവക കുഴികണ്ണിയില്‍ മാത്യുവിന്റെയും കോതമംഗലം തെക്കേക്കര കുടുംബാംഗം റോസിയുടെയും മകനായി 1960 ജനുവരി അഞ്ചിന് ജനിച്ച ഫാ. ജോസഫ്, കോട്ടയം വടവാതൂര്‍ സെമിനാരിയിലെ പരിശീലനത്തിന് ശേഷം മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍ പിതാവില്‍നിന്നും 1985 ഡിസംബര്‍ 30 ന് പൗരോഹിത്യം സ്വീകരിച്ചു. ബാംഗ്ലൂര്‍ ധര്‍മ്മാരാം കോളേജില്‍ കാനന്‍ നിയമത്തില്‍ ഉപരിപഠനം നടത്തി. തങ്കമണി, മുതലക്കോടം, വാഴക്കുളം പള്ളികളില്‍ സഹ വികാരിയായും, മൂവാറ്റുപുഴ നിര്‍മ്മല ഹൈസ്കൂളില്‍ വാര്‍ഡനായും സേവനം ചെയ്തു. തുടര്‍ന്ന്, ആനക്കുളം, സ്ലീവാമല – കരിമല, പെരിഞ്ചാംകുടി, ഉപ്പുതോട്, നാടുകാണി, കല്ലൂര്‍ക്കാട് ഇടവകകളില്‍ വികാരിയായി സേവനം ചെയ്തു. കോട്ടയം, വടവാതൂര്‍ സെമിനാരിയുടെ ഫിനാന്‍സ് ഓഫീസര്‍, കോതമംഗലം രൂപതയുടെ ഫിനാന്‍സ് ഓഫീസര്‍, രൂപത കോടതി ജഡ്ജി, ഫിനാന്‍സ് മോണിറ്ററിംഗ് കമ്മിറ്റി ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്ത ഫാ. ജോസഫ് കുഴികണ്ണിയില്‍ 2021 മുതല്‍ വാഴക്കുളം സെന്റ് ജോര്‍ജ്ജ് ഫൊറോനാ ഇടവക വികാരിയായി സേവനം ചെയ്തുവരികയായിരുന്നു.
സഹോദരങ്ങള്‍: സി. സൂസന്ന (ഐറിന് ഹോം, ആലപ്പുഴ), ജോര്‍ജ് മാത്യു, പ്രൊഫ. സി. റ്റെസി (ലിസ്സി ഹോം, ആനിക്കാട്), ഡോ. സി. മേഴ്സി (ആരാധനമഠം, വഴിത്തല), സിബി മാത്യു (മുന്‍ സെക്രട്ടറി, ആരക്കുഴ സര്‍വ്വീസ് സഹകരണ ബാങ്ക്)