ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍ രംഗത്ത്. ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്. എന്തുകൊണ്ടാണ് സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ തയ്യാറാവാത്തതെന്ന കോടതിയുടെ ചോദ്യത്തിന് അയ്യപ്പന് നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും ആചാരങ്ങള്‍ ലംഘിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ദേവസ്വം ബോര്‍ഡ് നിലപാടെടുത്ത്.
ഇപ്പോള്‍ വിഷയത്തില്‍ കോടതിയില്‍ തങ്ങളുടെ നിലപാട് അറിയിച്ചിരിക്കുകയാണ് നായര്‍ സര്‍വ്വീസ് സൊസൈറ്റി.
ക്ഷേത്രത്തില്‍ പ്രായ ഭേദമന്യേ സ്ത്രീകള്‍ക്കും പ്രവേശിക്കാന്‍ അവസരം നല്‍കണമെന്നും അത് തങ്ങളുടെ അവകാശമാണെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം തുടരുകയാണ്. വാദത്തിന്റെ നാലാം ദിനമായ കഴിഞ്ഞ ദിവസം സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്.
ദേവസ്വം ബോര്‍ഡ് നിലപാട്.. ⇓
അയ്യപ്പന് നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും സ്ത്രീകളുടെ പ്രവേശനത്തെ ഒരു രീതിയിലും അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്ന ദേവസ്വം ബോര്‍ഡ് നിലപാട്. 41 ദിവസത്തെ വ്രതം എടുത്ത് മനസും ശരീരവും ശുദ്ധീകരിച്ച് മാത്രമേ ശബരിമലയില്‍ പ്രവേശിക്കാന്‍ പാടുള്ളൂ എന്നാണ് ആചാരം. ഈ ആചാരം ഋതിമതികളായ സ്ത്രീകള്‍ക്ക് പാലിക്കാന്‍ കഴിയില്ല. സ്ത്രീകളുടെ ക്ഷേത്ര പ്രവേശനം സംബന്ധിച്ച് തിരുമാനം കൈക്കൊള്ളേണ്ടത് തന്ത്രിയാണെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. അതേസമയം ക്ഷേത്രത്തില്‍ മാസത്തിലെ അഞ്ച് ദിവസം പ്രായഭേദ്യമന്യേ സ്ത്രീപ്രവേശം ആകാമെന്നും അഞ്ച് ശതമാനം സ്ത്രീകളാണ് പ്രവേശനത്തിന് വാശിപിടിക്കുന്നതെന്നുമുള്ള ദേവസ്വം ബോര്‍ഡ് വാദത്തെ കോടതി വിമര്‍ശിച്ചിരുന്നു.
വ്യക്തത ഇല്ലാത്ത നിലപാടാണ് ദേവസ്വം ബോര്‍ഡിന്റേതെന്നും കോടതി..⇓
അതേസമയം വ്യക്തത ഇല്ലാത്ത നിലപാടാണ് ദേവസ്വം ബോര്‍ഡിന്റേതെന്നും കോടതി വിമര്‍ശിച്ചിരുന്നു. നിലവിലെ ആചാരങ്ങള്‍ക്ക് 50 വര്‍ഷത്തെ പഴക്കം മാത്രമേ ഉള്ളൂവെന്ന് നിരീക്ഷിച്ച കോടതി സ്ത്രീയായി ജനിച്ചു എന്ന ഒറ്റ കാരണം കൊണ്ട് ചില സാമൂഹിക വ്യവസ്ഥകള്‍ക്ക് വിധേയപ്പെടണം എന്നു പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു.
സ്ത്രീ വിലക്കിന് അറുപത് വര്‍ഷത്തെ പഴക്കം, മാറ്റം വരുത്താന്‍ അനുവദിക്കരുതെന്ന് എന്‍ എസ്.എസ്..⇓
അതേസമയം ക്ഷേത്രത്തിലെ സ്ത്രീ വിലക്കിന് അറുപത് വര്‍ഷത്തെ പഴക്കമുണ്ടെന്നും അതില്‍ മാറ്റം വരുത്താന്‍ ആരേയും അനുവദിക്കരുതെന്നും നായര്‍ സര്‍വ്വീസ് സൊസൈറ്റി സുപ്രീം കോടതിയില്‍ അറിയിച്ചു. ക്ഷേത്രത്തില്‍ നടക്കുന്നത് പുരുഷാധിപത്യമായ ആചാരമാണെന്നതിനേയും എന്‍എസ്എസ് എതിര്‍ത്തു. ശബരിമലയിലെ പ്രതിഷ്ഠയുടെ കാഴ്ചപ്പാടിലൂടെയാണ് സ്ത്രീ പ്രവേശനത്തെ പരിഗണിക്കേണ്ടത്. നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പ പ്രതിഷ്ഠയ്ക്ക് നിയമപരമായ വ്യക്തിത്വം ഉണ്ടെന്നും ഭരണഘടന പരിരക്ഷ നല്‍കണമെന്നും എന്‍എസ്എസ് കോടതിയില്‍ വാദിച്ചു. ശബരിമലയിലെ സ്ത്രീ വിലക്ക് സ്ത്രീ വിരുദ്ധമല്ല. ബ്രഹ്മചര്യം തോന്നിപ്പിക്കല്‍ അല്ല ബ്രഹ്മചര്യം പിന്തുടരുക തന്നെയാണ് വേണ്ടത്. ഹിന്ദു മതത്തില്‍ വിവേചനം കുറവാണെന്നും എന്‍എസ്എസ് കോടതിയില്‍ വ്യക്തമാക്കി.