മൂവാറ്റുപുഴ: ജനകീയ സമരത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ കോതമംഗലം രൂപത മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ കേസെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധാർഹമാണെന്ന് ഡോ. മാത്യു കുഴൽനാടൻ എം എൽ എ . ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ വികാരം ഉൾക്കൊണ്ടു കൊണ്ടു വാർദ്ധക്യവും അനാരോഗ്യവും മറന്നു പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്ത ബിഷപ്പിനെതിരെ സ്വീകരിച്ച ഈ കിരാതനടപടിക്ക് സർക്കാർ കനത്ത വില നൽകേണ്ടിവരും. പഴയ ആലുവ – മൂന്നാർ രാജപാത കൈയേറി ബാരിക്കേഡ് സ്ഥാപിച്ചതിൻ്റെ പേരിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടത്. ജനകീയ സമരങ്ങളെ കള്ളക്കേസുകളെടുത്ത് അടിച്ചമർത്താമെന്നു വിചാരിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. വന്യമൃഗങ്ങളെക്കാൾ ക്രൂരമായി പെരുമാറുന്ന വനം വകുപ്പ് അധികൃതരുടെ ജനദ്രോഹനിലപാടുകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരെയുള്ള ഈ നടപടി. ജനവിരുദ്ധവും, അന്യായവും, അധാർമ്മികവുമായ ഈ നടപടിയിൽ നിന്നും വനം വകുപ്പ് എത്രയും വേഗം പിന്തിരിയണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.