കോട്ടയം: കെനിയയിലെ നെയ്റോബി അയ്യപ്പ ക്ഷേത്രത്തില്‍ സ്ഥാപിക്കാനുള്ള കൊടിമരം പാലായില്‍ നിന്നും കൊച്ചിവഴി കെനിയയിലേക്ക് കപ്പല്‍കയറി. നെയ്റോബിയിലുള്ള അയ്യപ്പ സേവാസമാജമാണ് കൊടിമരം പണിത് എത്തിക്കുന്ന ചുമതല ഏറ്റെടുത്തത്. സമാജം പ്രസിഡന്റ് പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പാലാ പൂവരണിയിലുള്ള രാജന്റെ പുരയിടത്തില്‍നിന്നാണ് ലക്ഷണമൊത്ത തേക്ക് കണ്ടെത്തിയത്.
നിലം തൊടാതെ മരം വെട്ടിയെടുത്ത് വൈക്കത്തിനടുത്ത് കുടവെച്ചൂര്‍ ചേരം കുളങ്ങര ദേവീക്ഷേത്രത്തിലെത്തിച്ചു. പണികള്‍ പൂര്‍ത്തീകരിച്ച കൊടിമരം കൂത്താട്ടുകുളം മംഗലത്തുതാഴം സ്വദേശി എന്‍.ആര്. പ്രകാശ് കുമാറിന്റെ നേതൃത്വത്തിലാണ് കണ്ടെയ്നറില്‍ കയറ്റി അയച്ചത്. 30 അടിയുള്ള കൊടിമരം പൂര്‍ണമായും തേക്കിന്‍തടിയിലാണ്. 40 അടി കണ്ടെയ്നറിലാണ് കൊടിമരവും അനുബന്ധ സാമഗ്രികളും കയറ്റി അയച്ചത്. കൊടിമരം നെയ്റോബിയിലെത്താന് 25 ദിവസമെടുക്കും. മേയിലാണ് കൊടിമരസ്ഥാപനം നടക്കുന്നത്.