സന്നിധാനം: സന്നിധാനത്ത് ഇന്നലെ പാതിരാവില്‍ നടന്ന അനിഷ്ട സംഭവങ്ങളില്‍ അറസ്റ്റിലായ ആളുകളില്‍ പലരും മുന്‍പ് ശബരിമലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയ ആളുകള്‍ തന്നെയെന്ന് പൊലീസ്. ചിത്തിര ആട്ട വിശേഷ സമയത്ത് സന്നിധാനത്ത് 52 കാരിയെ തടഞ്ഞ സംഘത്തിലെ ആളുകള്‍ തന്നെയാണ് സന്നിധാനത്ത് ഇപ്പോഴും പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതെന്നാണ് പൊലീസ് റിപ്പോര്‍ട്ട. ഇന്നലെ രാത്രി അറസ്റ്റ് ചെയതവരില്‍ 15 പേര് ശബരിമലയിലും നിലയ്ക്കലിലുമുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്തതായി ദൃശ്യങ്ങള്‍ പരിശോധിച്ച് തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു.
എറണാകുളത്തെ ആര്‍എസ്എസ് സംഘടനാ ചുമതലയുള്ള ശബരിമല കര്‍മസമിതി കണ്‍വീനറും കൂടിയായ രാജേഷാണ് ഇന്നലെ രാത്രി സന്നിധാനത്തുണ്ടായ അപ്രതീക്ഷിത പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്തിര ആട്ട വിശേഷ സമയത്ത് 52കാരിയായ തൃശൂര്‍ സ്വദേശിനി ലളിതാ ദേവിയെ സന്നിധാനത്ത് തടയാനും ഇവരില്‍ പലരും നേതൃത്വം നല്‍കിയിരുന്നു. രാജേഷ് ആ സംഘത്തിലും പങ്കെടുക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.
നിരോധനാജ്ഞ ലംഘിച്ച നടപടിക്ക് ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ ഇയാള്‍ക്കാപ്പം എത്തിയ ആളുകള്‍ പൊലീസ് നടപടിയെ എതിര്‍ക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത രാജേഷിനെ പൊലീസ് നിന്നും പിടിച്ചു വാങ്ങുക വരെയുണ്ടായി. തുടര്‍ന്ന പൊലീസുമായുണ്ടായ ചര്‍ച്ചയിലാണ് സന്നിദാനത്ത് പ്രതിഷേധം നടത്തിയ മുഴുവന്‍ ആളുകളും അറസ്റ്റ് വരിക്കുകയുണ്ടായത്.
അതേസമയം നിലയ്ക്കലും സന്നിധാനത്തുമായി മറ്റു ചിലര്‍ ഇനിയും തുടരുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ കനത്ത പൊലീസ് സുരക്ഷ നില നില്ക്കുന്ന ശബരിമലയില്‍ സംഘ്പരിവാര്‍ അജണ്ട നടപ്പാകുന്നത് സര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തില്‍ ആക്കുന്നതാണ്. നൂറുകണക്കിന് ആളുകള്‍ പൊലീസിനെ കബളിപ്പിച്ച് സന്നിധാനത്ത് എത്തിയത് എങ്ങനെയെന്നത് ചോദ്യചിഹ്നമായിരിക്കുകയാണ്.
അതിനിടെ ഇന്നലെ സന്നിധാനത്ത് അപ്രതീക്ഷിത പ്രതിഷേധങ്ങളില്‍ കണ്ടാല്‍ അറിയാവുന്ന 150 പേര്‍ക്കെതിരെ കേസെടുത്തു.70 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി . ഇവരെ മണിയാര്‍ ക്യാംപില്‍ ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ നടന്ന അപ്രതീക്ഷിത സംഭവങ്ങള്‍ക്ക് പിന്നില്‍ മുന്‍ധാരണകള്‍ ഉണ്ടെന്ന് വ്യക്തമാകുന്നത്. അറസ്റ്റിലായവരെ മണിയാറിലെ ക്യാംപില്‍ ചോദ്യം ചെയ്യുകയാണ്.