തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയാണെന്ന് കടകംപള്ളി സുരേന്ദ്രന്. ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെും മന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പാക്കുകയെന്നത് എല്ലാ സംസ്ഥാന സര്‍ക്കാരുകളുടെയും കടമയാണ്. അതാണ് കേരളത്തില്‍ നടപ്പാക്കുന്നതെന്നും കടകംപള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമലയില്‍ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന ആര്‍എസ്എസ് നേതാവിന്റെ വാട്സ്ആപ്പ് ശബ്ദസന്ദേശവും മന്ത്രി പുറത്തുവിട്ടു. ഇരുമുടിക്കെട്ടുമേന്തി അയ്യപ്പന്മാരുടെ വേഷത്തില്‍ സന്നിധാനത്തേക്ക് എത്തണമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. ബിജെപി ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. ധിക്കാരത്തിന്റെ ഭാഷയിലാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അയ്യപ്പസ്വാമിയുടെ പൂങ്കാവനം കലാപഭൂമിയാക്കരുത്. ആര്‍എസ്എസ്-ബിജെപി നേതാക്കളോട് അപേക്ഷിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഇതിനു മുമ്പും സന്നിധാനത്ത് അവലോകന യോഗം ചേര്‍ന്നിട്ടുണ്ട്. 2016ല്‍ രണ്ട് തവണ അവലോകന യോഗം ചേര്‍ന്നിട്ടുണ്ട്. സുപ്രീം കോടതി വിധിയ്ക്ക് മുമ്പാണ് ഇത് തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. കോടതി വിധി നടപ്പിലാക്കാന്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. സാമൂഹ്യ വിരുദ്ധരെ കൈകാര്യം ചെയ്യാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും ഭക്തരെ ഉദ്ദേശിച്ചല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളെ തിരഞ്ഞുപിടിച്ചാണ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. അക്കാര്യത്തില്‍ ക്ഷമ ചോദിക്കാന്‍ നിങ്ങള്‍ തയ്യാറായോ എന്നും മന്ത്രി ചോദിച്ചു.