കണ്ണൂര്‍ : ലൈംഗികാരോപണ വിധേയരായ വൈദികരെ തല്‍സ്ഥാനങ്ങളില്‍ നിന്നും നീക്കി. സദാചാര ലംഘനം ഉണ്ടായതില്‍ രൂപത വിശ്വാസികളോട് മാപ്പുചോദിച്ചു. വിശ്വാസികള്‍ക്ക് മനോവിഷമം ഉണ്ടായതില്‍ രൂപതയ്ക്ക് ഖേദമുണ്ട്. സമൂഹത്തിന് മാതൃക കാട്ടേണ്ട പുരോഹിതരുടെ ഭാഗത്തു നിന്ന് തെറ്റായ പെരുമാറ്റം ഉണ്ടായി. സാമൂഹിത മാധ്യമങ്ങളില്‍ വൈദികരുടെ പെരുമാറ്റം വലിയ ചര്‍ച്ചയായതോടെയാണ് രൂപത മാപ്പു പറഞ്ഞതും നടപടി എടുത്തതും.
ആലക്കോട് പൊട്ടന്‍പ്ലാവ് ഇടവക വികാരിയായിരുന്ന ഫാദര്‍ ജോസഫ് പൂത്തോട്ടാല്‍, ഫാദര്‍ മാത്യു മുല്ലപ്പള്ളി എന്നിവരെയാണ് തലശ്ശേരി രൂപത നീക്കിയത്. ഇവരെ അന്വേഷണ വിധേയമായി പൗരോഹിത്യ വൃത്തിയില്‍ നിന്നും മാറ്റിയതായി രൂപത പത്രകുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞദിവസം ഫാ. മാത്യു മുല്ലപ്പള്ളിയുടെ ഒരു ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. തുടര്‍ന്ന് സമാനമായ ഏതാനും ഓഡിയോ സന്ദേശങ്ങള്‍ കൂടി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതേത്തുടര്‍ന്നാണ് തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനായ ഫാ. ജോസഫ് പ്ലാംപാനി ആരോപണവിധേയരായ വൈദികര്‍ക്കെതിരെ നടപടിയെടുത്തത്.
വൈദികരായ ഫാ.ജോസഫും മാത്യു മുല്ലപ്പള്ളിയും യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണം രണ്ടുമാസത്തിലേറെയായി ഇടവകയില്‍ സജീവമായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ല നിലപാടായിരുന്നു സമീപകാലം വരെ രൂപതയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നത്.
2018 വരെ ഇടവക വികാരിയായിരുന്ന ഫാദര്‍ ജോസഫ് പൂത്തോട്ടാല്‍ ആദ്യം യുവതിയെ പീഡിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇദ്ദേഹം സ്ഥലംമാറിയതിനെത്തുടര്ന്ന് എത്തിയ ഫാ. മാത്യു മുല്ലപ്പള്ളിയില്‍ നിന്നും സമാന അനുഭവം ഉണ്ടാകുകയായിരുന്നു. യുവതി ഇക്കാര്യം രൂപത സഹായമെത്രാനെ ഫോണില്‍ വിളിച്ച് പരാതിപ്പെട്ടിരുന്നു. എന്നാല്‍ വിവരം പുറത്തുപറയരുതെന്നും, നടപടി ഉണ്ടാകുമെന്നും രൂപത യുവതിക്ക് വാക്കുനല്കി. എന്നാല്‍ നടപടി ഉണ്ടാകാതിരുന്നതോടെയാണ് സംഭവം പുറത്തുവന്നത്.